പട്ടാമ്പി:സിബാക്ക് മത്സരങ്ങൾക്ക് പട്ടാമ്പി നൂറുൽ ഹിദായയിൽ ഇന്ന് (വെള്ളി) കൊടിയേറി. സിബാഖ് കമ്മിറ്റി ട്രഷറർ ഉസ്മാൻ ഹാജി പതാക ഉയർത്തി. സ്ഥാപനത്തിലെ മുതിർന്ന അദ്ധ്യാപകൻ ഉബൈദ് അൻവരി ദുആക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് അബുബക്കർ ഹാജി, കെ.എം മുജീബുദ്ധീൻ, എ.പി അബു, യൂസുഫ് ഹാജി, മുസ്തഫ പോക്കുപടി, സി.വി അബ്ദുറഹ്മാൻ, മുഷ്താഖ്, അനസ് കൊടലൂർ, അഫ്സൽ കൊണ്ടൂർക്കര, നാസർ മാസ്റ്റർ മോളൂർ, പി.എം.എ കുഞ്ഞുമോൻ, ഷിയാസ് അലി വാഫി, ആബിദ് കൊണ്ടൂർക്കര, റാഷിദ് കാരക്കാട് എന്നിവർ പങ്കെടുത്തു.
2024-2025 വർഷത്തിലെ സിബാക്കിന്റെ രണ്ടാംഘട്ട മത്സരങ്ങളാണ് ഇന്ന് തുടങ്ങിയത്. ബിദായ ഊല താനിയ വിഭാഗക്കാരുടെ പ്രാഥമിക സ്റ്റേജ് പ്രോഗ്രാമുകളാണ് വേദിയിലെത്തിയത്. വൈസ് പ്രസിഡന്റ് അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ഒന്നാം ബാച്ചുകാർ എഴുതി ആലപിച്ച പരിപാടിയുടെ തീം സോങ് ഉമർ ഹാജി കാരക്കാട് റിലീസ് ചെയ്തു. നൂറുൽ ഹിദായ ഇസ്ലാമിക് സെന്റർ കീഴിലുള്ള അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 2025-26 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷന്റെ ഉദ്ഘാടനവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കേരളത്തിലെ കഥാപ്രസംഗ വേദികളിൽ തിളങ്ങി നിൽക്കുന്ന കെ.എസ് മൗലവി മുണ്ടക്കോട്ടുകുറിശിയുടെ കഥാപ്രസംഗവും അരങ്ങേറി.
ശനി, ഞായർ ദിവസങ്ങളിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ശിഹാക്കിന്റെ പ്രാഥമിക സ്റ്റേജ് പ്രോഗ്രാം 5 വേദികളിലായി നടക്കും. കണ്ണൂരിൽ നിന്ന് അടക്കം 10 ദീനി സ്ഥാപനങ്ങളിൽ നിന്നുമുള്ള 400 ഓളം വിദ്യാർത്ഥികൾ ആണ് ദാറുൽഹുദാ ദേശീയ കലോത്സവമായ സിബാക്കിന്റെ ഭാഗമായി നൂറുൽ ഹിദായയിലേക്ക് എത്തുന്നത്.
ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ 40 ഓളം സ്ഥാപനങ്ങളിൽ പാലക്കാട് ജില്ലയിലെ രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് നൂറുൽ ഹിദായ ഇസ്ലാമിക് അക്കാദമി. നിലവിൽ മുന്നൂറോളം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന നൂറുൽ ഹിദായ ഇസ്ലാമിക് അക്കാദമി, നൂറുൽ ഹിദായ ഇസ്ലാമിക് സെന്ററിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.