കാരാട്ട് കുറിസ് ചിട്ടി നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ



പാലക്കാട് : പാലക്കാട് ചിട്ടി നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ ശ്രീജിത്താണ്‌ പിടിയിലായത്‌. കാരാട്ട് കുറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മൂന്ന് ജില്ലകളിലായാണ് തട്ടിപ്പ് നടത്തിയത്. ഒന്നും മൂന്നും പ്രതികളായ മുബഷിർ, സന്തോഷ്  എന്നിവർ ഒളിവിലാണ്‌. ഇവർക്കായി തിരച്ചിൽ തുടരുന്നു.

വ്യാപാരികളെയും വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് നടത്തിയ ചിട്ടിയിലൂടെ  സംഘം ലക്ഷങ്ങൾ തട്ടിയെടുത്തു. ഓരോ ആഴ്ചയും ഇരുനൂറ് രൂപ വീതം വാങ്ങും. എല്ലാ ആഴ്ചയും ഒരു നറുക്കെടുപ്പും 30 ആഴ്ചകൾ കഴിയുമ്പോൾ ബംബർ നറുക്കെടുപ്പും ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പക്കൽ നിന്നും ഇവർ പണം വാങ്ങിയത്.

പാലക്കാട് ,മലപ്പുറം, തൃശൂർ ജില്ലകളിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കാരാട്ട് കുറിസ് എന്ന സ്ഥാപനത്തിനെതിരെ സൗത്ത് പൊലീസിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന്‌ അന്വേഷണം നടത്തിയിരുന്നു. തുടർന്ന്  സ്ഥാപനം അടച്ചുപൂട്ടി പ്രതികൾ ഒളിവിൽ പോവുകയായിയിരുന്നു. പൊലീസ്‌ സ്ഥാപനം റെയ്‌ഡ്‌ ചെയ്ത്‌ രേഖകൾ പിടിച്ചെടുത്തു.

പാലക്കാട് എഎസ്‌പി അശ്വതി ജിജി, സൗത്ത് ഇൻസ്പെക്ടർ ആദംഖാൻ, സൗത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സി ഐശ്വര്യ, എം വിജയകുമാർ, വിനോദ് കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ബിജു, ഹരിപ്രസാദ് സീനിയർ പോലീസ് ഓഫീസർമാരായ ശശികുമാർ, അജിത്ത് മൃദുലേഷ് എന്നിവർ മൂന്ന് ടീമായാണ്‌ അന്വേഷണം നടത്തുന്നത്‌.

തൃത്താല മേഖലയിലും നൂറുകണക്കിന് വ്യാപാരികൾ വഞ്ചിതരായിട്ടുണ്ട്.
തൃത്താല, കൂറ്റനാട് മേഖലകളിലുള്ള നൂറുകണക്കിന് വ്യാപാരികളും വീട്ടമ്മമാരും
പട്ടാമ്പി ശാഖയിലാണ് പണമടച്ചിരുന്നത്.

19 മുതൽ സ്ഥാപനം തുറക്കുന്നില്ല. കുറി കിട്ടിയവർ പണം കൈപ്പറ്റാൻ ചെന്നപ്പോഴാണ് കമ്പനി പൂട്ടിപ്പോയതായി അറിഞ്ഞത്. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നഷ്ടപ്പെട്ടവർ ഈ മേഖലയിലുണ്ട്.

പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് വിമുഖത കാട്ടുകയാണെന്നും പ്രത്യക്ഷ സമരത്തോടൊപ്പം നിയമനടപടി സ്വീകരിക്കാനാണ് കൂട്ടായ്മയുടെ
തീരുമാനമെന്നും ഇരകളുടെ പ്രതിനിധികളായ വി.പി നിഷാദ് ആലൂർ, വി.പി മുഹമ്മദ് ആഫിദ് വി.കെ കടവ്,ടി.പി ലാഗേഷ് പള്ളിപ്പുറം, സി.കെ അബ്ദുൽ കാദർ ആലൂർ, കെ.ഷെരീഫ് മല റോഡ് എന്നിവർ കൂറ്റനാട്  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Below Post Ad