പടിഞ്ഞാറങ്ങാടി: അയ്യൂബി ഗേൾസ് വില്ലേജ് അഞ്ചാമത് ഹാദിയ കോൺവെക്കേഷൻ പ്രഥമ അവാർഡ് ഒതളൂർ സ്വദേശി ജുബൈർ സഅദിക്ക്. സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുടെ അംഗീകാരത്തിനാണ് അദ്ദേഹം അർഹനായിട്ടുള്ളത്. മരണാനന്തര സംസ്‌കരണ കർമ്മങ്ങൾക്ക് ജാതി, മത, ഭേദമന്യേ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും മാതൃകാപരമാണ്. വർത്തമാന സാഹചര്യത്തിൽ സഅദിയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും പ്രവർത്തനങ്ങളെയും അവാർഡ് കമ്മിറ്റി പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
കോവിഡ് സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സംസ്‌കരണ പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ജാതി, മത, ഭേദമന്യേ അറുപതിൽ അധികം കോവിഡ് സ്ഥിരീകരിച്ച പോസറ്റിവ് കേസുകൾ അദ്ദേഹം നിയമപാലകരുടെ നിർദ്ദേശത്തിൽ പരിപാലനത്തിന് നേതൃത്വം നൽകി. സാധാരണ മരണങ്ങൾക്ക് അപ്പുറം പോസ്റ്റുമോർട്ടം, കത്തിക്കരിഞ്ഞ ശരീരങ്ങൾ, ആക്സിഡന്റിൽ പരിക്കുപറ്റിയ മൃതുദേഹങ്ങൾ ഇത്തരം രംഗത്താണ് സഅദിയുടെ ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്. സ്വന്തക്കാർ പോലും ഭയന്നു മാറി നിൽക്കുന്ന സാഹചര്യത്തിൽ സ്വയം സമർപ്പിതമായി ഏതു പ്രതിസന്ധികളിലും പ്രശ്ങ്ങൾക്ക് പരിഹാരം നടപ്പിലാക്കുന്നതിലാണ് അദ്ദേഹത്തിന്റെ മികവ്. തൃശൂർ ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചു നിരവധി സേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി വരുന്നു.
കിടപ്പു രോഗികളായി അവശത അനുഭവിക്കുന്ന മനുഷ്യർക്ക് പലപ്പോഴും ആശ്വാസമാകുന്നു. വായിലും മൂക്കിലും മൂത്രത്തിലും ട്യൂബിട്ട് പ്രയാസപ്പെടുന്നവരുടെ ചികിത്സാ രീതിയും പരിചരണ പ്രവർത്തനങ്ങളുടെ രീതി ശാസ്ത്രവും ഈ കാലയളവിൽ വിദഗ്ധരിൽ നിന്നും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. നേടിയെടുത്ത അറിവും അനുഭവങ്ങളും പങ്കുവെക്കുന്നിടത്തും പകർന്നു നൽകുന്നിടത്തും ഒരു പ്രതിഫലവും കൈപ്പറ്റാതെ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.
വനിതകൾക്കിടയിൽ അദ്ദേഹം ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു ഭാര്യ സുഹ്റയെ പഠിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. മതനിയമപ്രകാരം മരണാനന്തര സംസ്‌കരണ കർമ്മങ്ങൾക്ക് വനിതകൾക്കിടയിൽ സുഹ്‌റയും ഇന്ന് സജീവമാണ്.
തൃത്താല സോൺ എസ്.വൈ.എസ് സ്വാന്തനം സന്നദ്ധ സംഘം SET കൺവീനർ കൂടിയാണ് ജുബൈർ സഅദി. തൃശൂർ ജില്ലയിലെ കാണിപ്പയൂർ മഹല്ലു ഖത്തീബ് സ്ഥാനത്താണ് അദ്ദേഹത്തിന്റെ സേവനം.
2024 ഡിസംബർ 24 ചൊവ്വ അയ്യൂബി എജുസിറ്റിയിൽ നടക്കുന്ന ഹാദിയ സമ്മിറ്റിൽ പ്രസ്തുത അവാർഡ് പൊന്നാനി വലിയപള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി കൈമാറും.
ഒതളൂർ തെക്കേകര സൂഫിവര്യനായിരുന്ന മർഹൂം മൂസ ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും ഇളയമകനാണ് ജുബൈർ സഅദി. ഭാര്യ സുഹ്‌റ. സുഹൈർ, ഉമൈർ, അഹ്‌മദ് അമ്മാർ, അഹ്‌മദ് ഖല്ലാദ്, അഹ്‌മദ് ഹിബ്ബാൻ എന്നിവർ മക്കളാണ്.