തിരൂർ:യുവാവിൻ്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കുരങ്ങൻ മരത്തില്‍ കയറി സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയിലേര്‍പ്പെട്ടിരുന്ന യുവാവിൻ്റെ മൊബൈല്‍ ഫോണാണ് കുരങ്ങൻ തട്ടിയെടുത്തത്.
ജോലി സമയത്ത് ഫോൺ തൊട്ടടുത്തുളള ഷീറ്റിന് മുകളില്‍ വെച്ചതായിരുന്നു. കുസൃതിയുമായി ഓടി കയറിയ കുരങ്ങന്‍ യുവാവിന്‍റ മൊബൈല്‍ ഫോണെടുത്തു. ഇത് കണ്ട യുവാവ് ബഹളം വെച്ചതോടെ കുരങ്ങന്‍ ഫോണുമായി തെങ്ങിൽ കയറി പിന്നീട് കവുങ്ങിലേക്കും കയറി. ഫോണ്‍ തിരിച്ചുകിട്ടാന്‍ കൂടെ നിന്നവരെല്ലാം ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
ഇതിനിടയ്ക്ക് ഫോണ്‍ റിങ് ചെയ്തപ്പോള്‍ കുരങ്ങന്‍ ബട്ടണ്‍ അമര്‍ത്തി ചെവിയില്‍ വെക്കുകയും ചെയ്തു. ഇതു കണ്ടുനിന്നവരെ ആശ്ചര്യപ്പെടുത്തി. പീന്നീട് നിരവധി തവണ യുവാവും സംഘവും കല്ലെടുത്ത് എറിഞ്ഞ് നോക്കിയെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് സംഗമം റസിഡന്‍സിയിൽ നടന്ന് കൊണ്ടിരിക്കുന്ന സമ്മേളന പ്രതിനിധികളും പുറത്തിറങ്ങി കുരങ്ങനെ പിടികൂടാനായി ശ്രമം നടത്തുകയായിരുന്നു.
അതിനിടെ മറ്റൊരുകവുങ്ങിലേക്ക് ചാടുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ താഴെ വീണു. ഒടുവിൽ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മൊബൈല്‍ ഫോൺ തിരികെ കിട്ടിയതോടെ യുവാവിനും സുഹൃത്തുക്കൾക്കും ആശ്വാസമായി.