കോഴിക്കോട്: ഉയര്‍ന്ന യാത്രാനിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യനുമായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്.
ഭൂരിപക്ഷം തീര്‍ഥാടകരും മലബാര്‍ പ്രദേശത്തു നിന്നുള്ളവരായതിനാല്‍ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിശ്വാസികള്‍ ദീര്‍ഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി ഒരുങ്ങുക. ഈ സാഹചര്യത്തില്‍ കേരളത്തിലെ മറ്റ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ളതിനേക്കാള്‍ വലിയ തുക കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്നവരില്‍ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവുമാണ്.
കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും സഊദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കുള്ള ആകാശപാതയില്‍ വലിയ അന്തരമില്ലെന്നിരിക്കെ വിമാന ടിക്കറ്റ് നിരക്കില്‍ കരിപ്പൂരില്‍ മാത്രം 40,000 രൂപയോളം അമിതമായി ഈടാക്കാനാണ് എയര്‍ഇന്ത്യ എക്സ്പ്രസ്സ് ടെന്‍ഡറില്‍ ശ്രമിക്കുന്നത്.
ഇതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് മുമ്പ് ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തില്‍ നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുസംബന്ധമായ നിവേദനവും മന്ത്രിക്ക് സമര്‍പ്പിച്ചു.