പട്ടാമ്പിയിൽ പതിനഞ്ച്കാരിയെ കാണാതായയിൽ വഴിത്തിരിവ്. കാണാതായ പെൺകുട്ടിയുടെ കൂടെ ടെയിനിൽ യാത്ര ചെയ്തു എന്ന് സംശയിക്കുന്ന യുവാവിൻ്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. രേഖാചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പട്ടാമ്പി പോലീസിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ വല്ലപ്പുഴ ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഷഹന ഷെറിനെ കാണാതായത്.
വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി
കാണാതായി 6 ദിവസമായിട്ട് യാതൊരു വിവരമില്ലാതെ കുടുംബം ആശങ്കയോടെ കാത്തിരിക്കുമ്പോഴാണ് പോലീസ് യുവാവിൻ്റെ രേഖാചിത്രം പുറത്ത് വിട്ടത്.ഇതോടെ കാണാതായ പെൺകുട്ടിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
DYSP യുടെ നേതൃത്വത്തിൽ 5 ടീമുകളായി 36ൽ അധികം പോലീസുകാരടങ്ങുന്ന സംഘം സംസ്ഥാന മൊട്ടുക്കും തിരച്ചിൽ നടത്തുന്നുണ്ടെന്ന് കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.