പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊന്നു.
പാലക്കാട് പോത്തുണ്ടി സ്വദേശി സുധാകരൻ (58), മാതാവ് ലക്ഷ്‌മി (76) എന്നിവരെയാണ് അയൽവാസിയായ ചെന്താമര(58) വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല. മൃതദേഹം നെന്മാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ പിടികൂടാൻ നെന്മാറ പൊലീസ് അന്വേഷണം വിപുലമാക്കി.
പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അടുത്ത വീട്ടുകാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൻ്റെ വിചാരണ അടുത്തമാസം തുടങ്ങാനിരിക്കെയാണ് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയത്.
ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.