പട്ടാമ്പി പുതിയ പാലത്തിൻ്റെ നിർമ്മാണത്തിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ പൈലിംഗ് ചെയ്യുന്നതിനുള്ള പോയിൻ്റിംഗ് ആരംഭിച്ചു.
കിഫ്ബി പദ്ധതിയായ പാലത്തിന്റെ നിർവ്വഹണ ഏജൻസിയായ കെ. ആർ എഫ്. ബി (കേരള റോഡ് ഫണ്ട് ബോർഡ്) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടാമ്പിയിൽ വിഭാവനം ചെയ്തിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനു ഏറ്റവും ആവശ്യമായതും പട്ടാമ്പി പാലത്തിൻ്റെ നിർമ്മാണം തന്നെയാണ്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു പദ്ധതി ടെൻഡർ ചെയ്യുന്നതിന് എംഎൽഎ എന്ന നിലക്ക് നിരന്തരമായ ഇടപെടലുകൾ നടത്തുകയും നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടി വളരെ വേഗത്തിൽ പൂർത്തീകരിക്കാനായി എന്നത് ഏറെ സന്തോഷം നൽകുന്നു. സ്ഥലമേറ്റെടുപ്പ് അടക്കം ആവശ്യമായി വന്ന പാലത്തിൻ്റെ നടപടിക്രമങ്ങൾ സമാനമായ പദ്ധതികളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്.
സ്ഥലം നഷ്ടപ്പെടുന്നവരെ നേരിട്ട് വിളിച്ചു എംഎൽഎയുടെ നേതൃത്വത്തിൽ പട്ടാമ്പി താലൂക്കിൽ യോഗം ചേരുകയും മതിയായ നഷ്ടപരിഹാരം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ബഹു പൊതുമരാമത് വകുപ്പ് മന്ത്രിയുടെ ഓഫീസ് ആവശ്യമുള്ള ഘട്ടത്തിലൊക്കെ ഇടപെടുകയും ചെയ്തു.
പാലത്തിൻ്റെ നിർമ്മാണത്തിനും അനുബന്ധ പ്രവർത്തികൾക്കുമായി 52. 576 കോടി രൂപയുടെ സങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഇലക്ട്രിസിറ്റി ബോർഡിനു പോസ്റ്റുകളും ലൈനുകളും മാറ്റുന്ന യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 10.5 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ഏതാണ്ട് 69.16 സെൻ്റ് ഭൂമി ഏറ്റെടുക്കുന്നതിനായി ഏകദേശം 6 കോടി 40 ലക്ഷത്തി അൻപതിനായിരം രൂപയാണ് നീക്കി വച്ചിട്ടുള്ളത്.
പാലത്തിൻ്റെ നിർമ്മാണത്തിനായി 40 കോടി 34 ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചെങ്കിലും കരാറെടുത്തത് 33 കോടി 14 ലക്ഷത്തി അൻപത്തി മൂവായിരം രൂപക്കാണ്. ജാസ്മിൻ കൺസ്ട്രക്ഷനാണ് പദ്ധതിയുടെ ടെൻ്റർ ഏറ്റെടുത്തത്. പാലം നിർമ്മിക്കുന്നതിന് രണ്ട് വർഷത്തെ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്.
പട്ടാമ്പിയുടെ ഏറ്റവും വലിയ വികസന സ്വപ്നം യഥാർത്ഥ്യമാകുമ്പോൾ ഒരു വാഗ്ദാനവും കൂടി പൂർത്തീകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹസിൻ പറഞ്ഞു.