പട്ടാമ്പി: പട്ടണത്തിനിരുവശവും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി നൂറ്റിപ്പതിനൊന്നാമത് പട്ടാമ്പി നേർച്ച വർണശബളമായി ആഘോഷിച്ചു.
പ്രമുഖ സൂഫിവര്യനായിരുന്ന ആലൂർ പൂക്കുഞ്ഞിക്കോയതങ്ങളുടെ സ്മരണപുതുക്കിയാണ് നേർച്ചയാഘോഷം. ഞായറാഴ്ചരാവിലെ പതിനൊന്നരയോടെ നേർച്ചയ്ക്ക് കൊടിയേറി.
കൊടിയേറ്റത്തിന് മുന്നോടിയായി വിവിധഭാഗങ്ങളിൽ നിന്നുള്ള ഉപ ആഘോഷക്കമ്മിറ്റികൾ പട്ടാമ്പി ബസ്‌സ്റ്റാൻഡ് പരിസരത്തെത്തി. തുടർന്ന്, കേന്ദ്ര നേർച്ചയാഘോഷക്കമ്മിറ്റി , പാരമ്പര്യ അവകാശികൾ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷക്കമ്മിറ്റികളെ സ്വീകരിച്ചാനയിച്ചു.
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. മുൻ നേർച്ചയാഘോഷക്കമ്മിറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. യാറം പരിസരത്ത് ഘോഷയാത്ര എത്തിയശേഷം തക്ബീർ മുഴക്കി കോടിയേറ്റം നടന്നു.
വൈകീട്ട് ഏഴോടെ അമ്പതോളം വരുന്ന ഉപകമ്മിറ്റികളും ഗജവീരൻമാരും മേലേപട്ടാമ്പിയിൽ സംഗമിച്ചു.തുടർന്ന് നഗരപ്രദക്ഷിണ സാംസ്കാരിക മതസൗഹാർദ്ദ ഘോഷയാത്ര നടന്നു.ഗജമേളയോടെ പട്ടാമ്പി ദേശോത്സവം സമാപിച്ചു.
ഗജ സംഗമം കഴിഞ്ഞ് മടങ്ങവെ ഒരാന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി.ആനയെ കണ്ട് സ്കൂൾ ഗൈറ്റ് ചാടിക്കടന്ന മധ്യവയസ്കൻ്റെ കാൽ ഗൈറ്റിൽ കുടുങ്ങി പരിക്കേറ്റു.