മുംബൈ: അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റുമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ പുത്തൻ താരോദയമായി മലയാളി താരം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ പെരിന്തൽമണ്ണ സ്വദേശി വിഗ്നേഷ് പുത്തൂരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
26 പന്തിൽ 53 റൺസെടുത്ത് മിന്നും ഫോമിൽ നിന്ന നായകൻ ഋതുരാജ് ഗെയ്ക് വാദിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുൻപെ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കിയാണ് താരം വരവറിയിച്ചത്. നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ചെന്നൈയെ ഓപണർ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക് വാദും ചേർന്ന് അനായാസ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിഗ്നേഷ് പുത്തൂർ മത്സരം ത്രില്ലർ മോഡിലേക്ക് മാറ്റിയത്.