ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം.ഇനി വ്രതശുദ്ധിയുടെ നാളുകള്‍



വിശ്വാസികള്‍ക്ക് ആഹ്ലാദമായി പുണ്യ റമദാൻ പിറന്നു.പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. 

ഇനി ഒരുമാസക്കാലം വിശ്വാസികള്‍ പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍ മാത്രം മനസര്‍പ്പിക്കും.ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.

സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റമദാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് റമദാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.

അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും.


ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുത്ത് സ്നേഹവും സഹാനുഭൂതിയും മതസൗഹാര്‍ദ്ദവും പങ്ക് വെക്കുന്നതും റമദാന്‍റെ പ്രത്യേകതയാണ്. ഖുര്‍ആന്‍ അവതരിച്ച മാസം, ലൈലത്തുല്‍ ഖദര്‍ എന്ന പുണ്യ രാവിന്‍റെ മാസം എന്നീ പ്രത്യേകതകളും റമദാനുണ്ട്.വ്രതം തുടങ്ങിയതോടെ പള്ളികളും വീടുകളും കൂടുതല്‍ ഭക്തി നിര്‍ഭരമായി.



Tags

Below Post Ad