ഓർമ്മയിൽ തെളിയുന്ന നോമ്പ് കാലം; എസ്.എം.അൻവർ

 



പുണ്യങ്ങളുടെ പൂക്കാലമായ ഓരോ റമളാനും വന്നണയുമ്പോൾ ബാല്യകൗമാര കാലത്തെ നേർത്ത നനവാർന്ന ഓർമകളിലൂടെയാണ്  കടന്നു പോകുന്നത്. മനസ്സ് പാകപ്പെടാത്ത കുട്ടിക്കാലത്തെ റമളാനെന്നത് ആത്മസംസ്കരത്തിന്റെ പ്രാധാന്യത്തേക്കാൾ ആത്മനിർവൃതിയുടെയോ ആസ്വാദനത്തിന്റെയോ കാലഘട്ടമായിരുന്നു

റമളാനിനെ വരവേൽക്കുന്നത് റജബ് മാസം മുതൽ തന്നെ ആരംഭിക്കും. അത്തരത്തിൽ എന്റെ ഓർമകളുടെ വാതായനങ്ങൾ തുറക്കുന്നത് കൂടല്ലൂർ താണിക്കുന്നിലെ ഞങ്ങളുടെ തറവാട്ടിലേക്കും കൂടക്കടവ് മദ്രസ്സയിലെ നമസ്കാര പള്ളിയിലേക്കുമാണ്

നോമ്പ് തുറന്നതിന്  ശേഷം പതിവായി കോലായിലെ കട്ടിലിൽ കാലും നീട്ടി ഇരിക്കാറുള്ള ശീലം വെല്ലിമ്മാക്കുണ്ടായിരുന്നു. വെല്ലിമ്മാടെ കൂടെ ഞാനും ഇടക്കൊക്കെ സ്ഥാനം പിടിക്കാറുണ്ട്. ദീനീ ചര്യകളിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്ന വെല്ലിമ്മാടെ ദിക്റ്, സ്വലാത്ത്, ഹദ്ദാദ്, ബദർ ബൈത്തുകൾ ചൊല്ലലെല്ലാം അവിടെയിരുന്നാണ്. ചൊല്ലാനറിയില്ലെങ്കിലും എനിക്കത് കേട്ടിരിക്കാൻ നല്ല രസമാണ്. മടിയിൽ തല വച്ചു കിടക്കേം ചെയ്യും. അപ്പോഴെന്റെ മുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് തലോടി തരുമ്പോൾ അറിയാതെ കണ്ണുകൾ അടയും.

ബറാഅത്ത് കഴിഞ്ഞു വരുന്ന ഓരോ ദിനങ്ങളും പ്രായമായവർക്ക് വല്ലാത്ത ഒരനുഭൂതിയാണ്. ആനന്ദത്തോടെയും ഉണർവ്വോടെയും  ആദരവോടെയും  ബഹുമാനത്തോടെയുമാണ് ഓരോ പുലരികളേയും നോക്കിക്കണ്ടിരുന്നത്. മനസിനെയും ശരീരത്തേയും സംസ്കരിക്കാൻ തയ്യാറെടുക്കുന്ന പോലെ നോമ്പിന്റെ പരിശുദ്ധിയെ വരവേൽക്കാൻ  വീടകങ്ങളേയും സജ്ജമാക്കിയിരുന്നത് 'നനച്ചുകുളി'യിലൂടെയാണ്

ശഅബാൻ മാസത്തിലാണ് ഈ പ്രവർത്തനങ്ങളുടെയൊക്കെ തുടക്കവും. വീടിന്റെ ഓരോ വാതിലുകളും ജനലുകളും കസേര, മേശ, കട്ടിൽ, ഇരിക്കുന്ന പലകകൾ, ചെമ്പ്, മൺപാത്രങ്ങൾ, അലൂമിനിയം പാത്രങ്ങൾ, കവിടിപ്പാത്രങ്ങൾ, ഭരണികൾ, കുടങ്ങൾ, കിണ്ടി,കോളാമ്പി വെറ്റിലപ്പാത്രം മുതൽ പത്തായത്തിലെ ഉപയോഗിക്കുന്നതും അല്ലാത്തതുമായ പാത്രങ്ങൾ, പുൽപായകൾ തുടങ്ങി  എല്ലാ സാധനസാമഗ്രീകളും പുറം ലോകം കാണുന്ന ദിവസം നനച്ചുകുളിയിലാണ്.വീട്ടിലുള്ളവരെ സഹായിക്കാൻ അയൽപക്കത്തുള്ള സ്ത്രീകളും വരും.

നോമ്പിന് അസർ നമസ്ക്കാരം കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾ താണിക്കുന്നിലേക്ക് കയറും. കുട്ടിയും കോലും, ചട്ടി പന്തും കളിച്ച് മഅരിബ് ബാങ്ക് കൊടുക്കാറാകുമ്പോഴെ വീട്ടിലെത്തു.

എല്ലാം ദിവസങ്ങളിലും നോമ്പ് തുറക്കാനായി മേശ അലങ്കരിച്ച പഴങ്ങളോ,പലഹാരങ്ങളോ, ജ്യൂസുകളൊ അന്നുണ്ടായിരുന്നില്ല.
കാരക്കയും, നാരങ്ങ വെള്ളവും , തരിക്കഞ്ഞിയും ഉണ്ടാകും.പഴങ്ങളെന്ന് പറയാൻ  തണ്ണിമത്തനും. നോമ്പ് തുറന്നാൽ പത്തിരിയും തേങ്ങ അരച്ച കറിയും.തറാവീഹ് കഴിഞ്ഞ് വന്നാൽ ജീരക കഞ്ഞിയും ,അത്താഴത്തിന് ചോറും കറിയും.


തറാവീഹിന് ആണുങ്ങൾ പള്ളിയിലേക്ക് പോകുമ്പോൾ കുട്ടികളായ ഞങ്ങളും കൂടെ പോകും. ഞങ്ങൾ പള്ളിയിൽ പോകുന്നുണ്ടോ എന്ന് നോക്കാൻ മറ്റ്ചിലരും കൂടെയുണ്ടാകും. മദ്രസ്സയോട് ചേർന്നുള്ള നിസ്ക്കാര പള്ളിയിലായിരുന്നു തറാവീഹ് നമസ്ക്കാരം.

തറാവീഹ് ജമാഅത്ത് നടക്കുമ്പോൾ നമസ്ക്കാരം ഖളാഅ് വീട്ടുന്ന വേറൊരു ജമാഅത്തും ഉണ്ടാകും. എല്ലാവരും കൂടി വിത്ത്റ്‌ നിസ്ക്കരിച്ച് ദുആ ചെയ്ത് പിരിയും

നോമ്പ് തുറക്കും ഉസ്താദിന് ഭക്ഷണം കൊടുക്കുന്ന ദിവസവും തറവാട്ടിലെ പെണ്ണുങ്ങൾക്ക് പണികളോടു പണികളായിരിക്കും. പെണ്ണുങ്ങൾക്ക് എത്ര ജോലി ചെയ്താലും മടുപ്പില്ലാത്ത കാലമായിരുന്നു റമളാൻ .

ഇരുപത്തി ഏഴാം രാവിന് സകാത്തിന്റെ വിഹിതം വാങ്ങാനായി വീടുകൾ തോറും വരുന്നവരാണ് അക്കാലത്ത് കൂടുതൽ ഉണ്ടായിരുന്നത്. അത് കൊടുക്കാനായി ചില്ലറക്കാശും നോട്ടുമായി വല്ലിമ്മാടെ കൂടെ ഞങ്ങളും ഇരിക്കും.

വെല്ലിപ്പ ഉണ്ടായിരുന്ന കാലത്ത് ഒരു രൂപയുടെ പുത്തൻ നോട്ടായിരുന്നു തറവാട്ടിലേയും അയൽപക്കത്തേയും കുട്ടികൾക്ക് കൊടുത്തിരുന്നത്.

തറാവീഹിന് പോകുമ്പോർ പലഹാരങ്ങളുമായി പോകും. നമസ്ക്കാരം കഴിഞ്ഞാൽ പലഹാര ചീരിഞ്ഞി പൊതി അഴിച്ച് എല്ലാവരും ഒരുമിച്ച് കഴിച്ച് ദുആ ചെയ്ത് പിരിയും.

കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബത്തിലേക്ക് മാറിയതോടെ നോമ്പിന്റെ പല ചിട്ടവട്ടങ്ങളിലും മാറ്റങ്ങൾ വന്നു.പഴയകാലത്തെ നോമ്പനുഷ്ഠാനങ്ങളെ ആധൂനീകരിച്ചപ്പോൾ ഒരുപാട് അന്തരങ്ങളുണ്ട്.

ഇഫ്താർ എന്ന സമൂഹ നോമ്പ് തുറയാണ് അതിൽ പ്രധാനം. ഇഫ്താർ വിരുന്നുകൾ  മത സൗഹാർദത്തിന്റെ സ്നേഹ സദസ്സുകളായി മാറി. എല്ലാ സമുദായത്തിലുള്ളവരെയും ചേർത്ത് പിടിച്ച് നടത്തുന്ന ഇഫ്താറുകൾ വലിയ മാതൃകയാണ്.സംഘടനകൾ നൽകുന്ന റമളാൻ കിറ്റുകൾ പാവങ്ങൾക്ക് ആശ്വാസവുമാണ്

എസ്.എം. അൻവർ കൂടല്ലൂർ

Below Post Ad