എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മാർച്ച് 3ന് തുടങ്ങും. മാർച്ച് 26 വരെ പരീക്ഷ തുടരും. 4,26,990 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ 2964 പരീക്ഷാ കേന്ദ്രത്തിലായി 4,25,861 പേർ എഴുതും. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 682, ലക്ഷദ്വീപിൽ ഒമ്പതു കേന്ദ്രങ്ങളിലായി 447 കുട്ടികളും പരീക്ഷ എഴുതും. 26,382 അധ്യാപകർ ഇൻവിജിലേഷൻ ജോലികൾ നിർവഹിക്കും.
മുല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ മൂന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും നിയമിച്ചു. 72 ക്യാമ്പുകളിൽ മൂല്യനിർണയം നടത്തും. മെയ് മൂന്നാമത്തെ ആഴ്‌ചയ്ക്കകം ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്‌തത് 11,87,583 വിദ്യാർഥികളാണ്.
ഇംപ്രൂവ്‌മെൻ്റ ഉൾപ്പെടെ 11,09,409 പേർ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. മാർച്ച് ആറുമുതൽ 29 വരെയാണ് ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ. ഒന്നാം വർഷ ഇംപ്രൂവ്‌മെൻ്റ്, സപ്ലിമെൻ്ററി പരീക്ഷകളും ഇതോടൊപ്പം നടക്കും. രണ്ടാംവർഷ പരീക്ഷകൾ മാർച്ച് മൂന്നുമുതൽ 26 വരെയാണ്.ഒന്നാം വർഷത്തിൽ 3,88,758 കുട്ടികൾ പരീക്ഷ എഴുതും. 2,75,173 കുട്ടികൾ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതുന്നു.
രണ്ടാം വർഷത്തിൽ 4,45,478 പേർ പരീക്ഷ എഴുതും. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ തിയറി പരീക്ഷ മാർച്ച് ആറിന് തുടങ്ങി 29ന് അവസാനിക്കും. രണ്ടാം വർഷ തിയറി പരീക്ഷ മാർച്ച് മൂന്നിന് തുടങ്ങി 26ന് അവസാനിക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഇംപ്രൂവ്മെന്റ് ഉൾപ്പെടെ ഒന്നും രണ്ടും വർഷങ്ങളിലായി ആകെ 78,174 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏപ്രിൽ 11ന് ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്, സപ്ലിമെൻ്ററി പരീക്ഷകളുടെ മൂല്യ നിർണയം ആരംഭിക്കും. തുടർന്ന് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും നടക്കും.
പാലക്കാട് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് 193 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 40,324 പേർ പരീക്ഷ എഴുതാനെത്തും.