ഇന്ന് ഇരുപത്തിയേഴാം രാവ്: ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയില്‍ വിശ്വാസികള്‍

 


ഒരു പുരുഷായുസ്സ് മുഴുവന്‍ ആരാധനകളില്‍ കഴിഞ്ഞുകൂടിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതും ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞതുമായ ലൈലത്തുല്‍ഖദര്‍ പ്രതീക്ഷയുമായി റമദാനിലെ ഇരുപത്തിയേഴാം രാവില്‍ ഇന്ന് വിശ്വാസികള്‍ ഉറക്കമൊഴിച്ച് പ്രാര്‍ഥനാനിരതരാകും. 

ഭക്തിയുടെ പാരമ്യത്തില്‍ സര്‍വസ്വവും സ്രഷ്ടാവിലര്‍പ്പിച്ച് വിശ്വാസികള്‍ ഇന്ന് യഥാര്‍ഥ അനുസരണയുള്ള അടിമയായി മാറും. മാലാഖമാരുടെ തലോടലും പുണ്യപുരുഷന്മാരുടെ ആത്മീയ സാമിപ്യവും പരേതരായ ബന്ധുമിത്രാദികളുടെ ആത്മീയ സാന്നിധ്യവുമെല്ലാം പ്രതീക്ഷിച്ചുകൊണ്ടുള്ള ലൈലത്തുല്‍ഖദര്‍ അക്ഷരാര്‍ഥത്തില്‍ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിക്കുന്നതാണ്. റമദാനിലെ അവസാന പത്തിലെ ഒറ്റ രാവുകളില്‍ ലൈലത്തുല്‍ഖദര്‍ പ്രതീക്ഷിക്കാനാണ് പ്രവാചക ആഹ്വാനമെങ്കിലും ലോകമെമ്പാടും മുസ്‌ലിംകള്‍ ഇരുപത്തിയേഴാം രാവിന് ഏറെ പവിത്രത കല്‍പിച്ചു പോരുന്നു. പതിവിലേറെ തയാറെടുപ്പുകളാണ് ഇരുപത്തിയേഴാം രാവില്‍ പള്ളികളില്‍ നടത്തിയിട്ടുള്ളത്. നോമ്പ് തുറ മുതല്‍ ഇടയത്താഴം വരെ വിശ്വാസികള്‍ക്കായി പള്ളികളില്‍ ഒരുക്കുന്നുണ്ട്. 

സാധാരണയുള്ള തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് പുറമെ തസ്ബീഹ് നിസ്‌കാരം, തഹജ്ജുദ് എന്നിവയും പള്ളികളില്‍ നിര്‍വഹിക്കപ്പെടും. ഖുര്‍ആന്‍ പാരായണം, ദികറ്, ദുആ, സ്വലാത്ത് മജ്‌ലിസുകള്‍, ബുദര്‍ദ മജ്‌ലിസ് തുടങ്ങി വൈവിധ്യമായ ആരാധനകളും പ്രാര്‍ഥനകളും കൊണ്ട് ഇരുപത്തിയേഴാം രാവിനെ ധന്യമാക്കുന്ന വിശ്വാസികള്‍ കഴിഞ്ഞ കാലത്തെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് സ്രഷ്ടാവിനോട് മാപ്പിരക്കുന്നു. മനമുരുകിയുള്ള പ്രാര്‍ഥനകളില്‍ മുഴുകുന്നു. നരകമോചനത്തിന്റെ അവസാന പത്തില്‍ നരകാവകാശികളായ ആയിരങ്ങള്‍ക്ക് അല്ലാഹു നരകമോചനം ലഭ്യമാക്കുമെന്നാണ് വിശ്വാസം. ദാനധര്‍മങ്ങള്‍ക്ക് ഏറെ പുണ്യം ലഭിക്കുന്ന ഈ രാവില്‍ സമ്പന്നരും പാവപ്പെട്ടവരുമെല്ലാം തങ്ങളുടെ കഴിവനുസരിച്ച് ദാനം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ പ്രാര്‍ഥനകള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ആയിരം മാസം(83 വര്‍ഷവും ആറ് മാസവും) തുടര്‍ച്ചയായി ആരാധനകളില്‍ ഏര്‍പ്പെട്ടതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.

മാലാഖമാര്‍ വിണ്ണിലിറങ്ങി അനുഗ്രഹം ചൊരിയുമെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. ഇമാമുമാരുടെ ഹൃദയസ്പര്‍ശിയായ പ്രഭാഷണങ്ങളും ഭക്തിനിര്‍ഭരമായ പ്രാര്‍ഥനകളും വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിക്കും. പുരുഷന്മാര്‍ പള്ളികളില്‍ ആരാധനകളില്‍ വ്യാപൃതരാകുമ്പോള്‍ സ്ത്രീകള്‍ വീടുകളില്‍ പ്രത്യേക പ്രാര്‍ഥനകളുമായി കഴിഞ്ഞുകൂടും.

Tags

Below Post Ad