കൂറ്റനാട് പ്രസ് ക്ലബ് അംഗവും പ്രാദേശിക വാർത്താ ചാനലായ റൈറ്റ് വിഷൻ റിപ്പോർട്ടറുമായ ദേശമംഗലം സ്വദേശി പി.എ മുഹമ്മദ് അഷ്റഫിനെ
മണ്ണു മാഫിയ ഭീഷണിപ്പെടുത്തിയതായി പരാതി. നാഗലശ്ശേരി പിലാക്കാട്ടിരി കള്ളിക്കുന്ന് പ്രദേശത്ത് വാർത്ത ചിത്രീകരിക്കുന്നതിനിടയിലാണ് കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും
അഷ്റഫിൻ്റെ ഫോട്ടോ മൊബൈലിൽ എടുത്ത് വധഭീഷണി മുഴക്കുകയും ചെയ്തത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഭാരവാഹികൾ പരാതി നൽകി.
പ്രദേശത്ത് അനധികൃതമായി മണ്ണെടുപ്പ് നടത്തുന്നവർ രണ്ട് വലിയ ടോറസ് വാഹനങ്ങളിലും, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ചും മണ്ണും പാറയും ഖനനം നടത്തുന്നുണ്ടായിരുന്നു. നാട്ടുകാരുടെ പരാതി അന്വേഷിച്ച് നിജസ്ഥിതി ചിത്രീകരിക്കാനാണ് ദൃശ്യമാധ്യമ പ്രവർത്തകനായ അഷ്റഫ്, കള്ളിക്കുന്ന് എസ്.സി സങ്കേതത്തിൽ എത്തിയത്. അനധികൃത മണ്ണെടുപ്പ് നടത്തുന്നവർ മാധ്യമ പ്രവർത്തകന് നേരെ നടത്തിയ ഭീഷണി നിസാരമായി കാണാനാവില്ലെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ ചാലിശ്ശേരി പോലീസ് എസ്.എച്ച്.ഒ മുമ്പാകെ
ബോധിപ്പിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.