ഞായറാഴ്ച വൈകീട്ട് 4.10-നാണ് രജനീകാന്ത് ചെന്നൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയത്. ജയിലർ സിനിമയുടെ രണ്ടാംഭാഗത്തിന്റെ കോഴിക്കോട്ടെ ഷൂട്ടിങ്ങിനായാണ് താരം അതിരഹസ്യമായി വന്നത്.
കോഫി കളർ ടി ഷർട്ടും കറുത്ത പാന്റും ധരിച്ച് താരജാടകളില്ലാതെ ആഭ്യന്തര ടെർമിനൽ വഴി പുറത്തേക്കുവരുമ്പോൾ അംഗരക്ഷകരും സിനിമായൂണിറ്റ് അംഗങ്ങളുമായി ഏതാനുംപേരാണ് കൂടെയുണ്ടായിരുന്നത്. സുരക്ഷയൊരുക്കി സിഐഎസ്എഫ് ഭടൻമാരും.
പുറത്ത് വിരലിലെണ്ണാവുന്ന ആരാധകർ. തമിഴ് ചാനലിൽനിന്ന് കോഴിക്കോട്ട് രജനീകാന്ത് ഷൂട്ടിങ്ങിനെത്തുന്നതായി അറിഞ്ഞ് വന്നതാണവർ. ഇഷ്ടനടനെ കണ്ടപ്പോൾ അവർ ആവേശത്തോടെ 'തലൈവരേ' എന്നുവിളിച്ച് അഭിവാദ്യംചെയ്തു. കാറിനടുത്തേക്കു പോകുകയായിരുന്ന താരം ഇതുകേട്ട് തിരിഞ്ഞുനിന്ന് ആരാധകർക്കുനേരേ പുഞ്ചിരിയോടെ കൈവീശി.
കോഴിക്കോട്ടെത്തിയ രജനീകാന്ത് നഗരത്തിനടുത്ത ചെറുവണ്ണൂരിൽ ചിത്രീകരണം നടക്കുന്ന 'ജയിലർ ടു'വിൽ തിങ്കളാഴ്ച മുതൽ ജയിലർ മുത്തുവേൽ പാണ്ഡ്യന്റെ വേഷപ്പകർച്ചയുമായി സജീവമാകും. ആറുദിവസം അദ്ദേഹം കോഴിക്കോട്ടുണ്ടാകും. കരിപ്പൂരിൽനിന്ന് അദ്ദേഹം നേരെ താമസസ്ഥലമായ രാമനാട്ടുകര കടവ് റിസോർട്ടിലേക്കാണ് പോയത്. 2023-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റായ 'ജയിലർ' സിനിമയുടെ രണ്ടാം ഭാഗമാണ് ചിത്രീകരിക്കുന്നത്....