ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷം മെയ് 24, 25 തീയതികളിൽ




തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി, മേയ് 24, 25 തീയതികളിൽ 'ഓർമ്മയോളം' എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


1948ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1952ൽ പുറത്തിറങ്ങി. 1998ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. കഴിഞ്ഞ 75 വർഷത്തിനിടയിൽ 17500 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സിയും 6000 വിദ്യാർത്ഥികൾ പ്ലസ് ടു പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. 

പല കാലങ്ങളിലായി ഇവിടെ നിന്ന് പഠിച്ചിറങ്ങിയ അയ്യായിരത്തോളം പൂർവ വിദ്യാർഥികളെ വജ്രജൂബിലി ആഘോഷങ്ങളിൽ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.

24ന് ശനിയാഴ്ച രാവിലെ പത്തിന് പൂർവ വിദ്യാർഥികളിലും അധ്യാപകരിലുമുള്ള പ്രാദേശിക എഴുത്തുകാരുടെ സംഗമത്തോടെ പരിപാടികൾ തുടങ്ങും.

ഉച്ചയ്ക്ക് 12ന് സ്കൂൾ പുറത്തിറക്കുന്ന ജൂബിലി സ്മരണികയുടെ പ്രകാശനം അബ്ദുൾ സമദ് സമദാനി എം.പി നിർവഹിക്കും.യു.ആർ പ്രദീപ് എം.എൽ.എ മുഖ്യാതിഥിയാകും. കവി പി.രാമൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

വൈകുന്നേരം നാലിന് 80 വയസ്സ് പിന്നിട്ട പൂർവ വിദ്യാർഥികളെ മുൻ എം.എൽ.എ വി.ടി. ബൽറാമിൻ്റെ സാന്നിധ്യത്തിൽ ആദരിക്കും.വൈകീട്ട് ഏഴുമുതൽ പൂർവ വിദ്യാർഥികൾ സംഗീത -നൃത്ത പരിപാടി ഒരുക്കും.

25ന് ഞായർ രാവിലെ 10ന് പൂർവ്വ വിദ്യാർത്ഥി - അധ്യാപക മഹാസംഗമം നടക്കും. 75 പിന്നിട്ട പൂർവ്വാധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ മെട്രോമാൻ പത്മവിഭൂഷൺ ഡോ.ഇ.ശ്രീധരൻ പങ്കെടുക്കും. പി.മമ്മിക്കുട്ടി എം.എൽ.എ സന്നിഹിതനാവും.പകൽ മൂന്നിന് കറുകപുത്തൂരിൽ നിന്ന് സ്കൂളിലേക്ക് ഘോഷയാത്രയുണ്ടാകും. 

വൈകുന്നേരം അഞ്ചിന് ചേരുന്ന സാംസ്ക്കാരിക സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ അധ്യക്ഷത വഹിക്കും. തദ്ദേശ വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിശിഷ്ടാതിഥിയാകും.

സംസ്ഥാന തല വിജയികളെ ചടങ്ങിൽ ആദരിക്കും. രാത്രി 7.30ന് സംഗീത സന്ധ്യയോടെ ജൂബിലി ആഘോഷം സമാപിക്കും.

അഞ്ചു മുതൽ 12 വരെ ക്ലാസുകളിലായി രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ, കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ്.എസ്.എൽ.സിക്ക് നൂറുശതമാനം വിജയം കൈവരിക്കുന്നുണ്ടെന്നും ജില്ലയിലെ തന്നെ മികച്ച സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് 

ടി.സുഹറ, വൈസ് പ്രസിഡൻ്റ് സി.എം മനോ മോഹൻ, പ്രിൻസിപ്പൽ ജെ.കെ. അമ്പിളി, പ്രധാനാധ്യാപിക എം.ബിന്ദു, പി.ടി.എ പ്രസിഡൻ്റ് പി. മണികണ്ഠൻ, മോണിറ്ററി കമ്മിറ്റി ചെയർമാൻ കെ.ജനാർദ്ദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Below Post Ad