ചങ്ങരംകുളം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ ഗായകനും റാപ്പറുമായ ഡബ്സി (മുഹമ്മദ് ഫാസിൽ) അറസ്റ്റിൽ. ചങ്ങരംകുളം പൊലീസ് ആണ് ഡബ്സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ഫാരിസ്, റംഷാദ്, അബ്ദുൽ ഗഫൂർ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കാഞ്ഞിയൂർ സ്വദേശി ബാസിൽ എന്നയാളുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡബ്സി വിദേശത്ത് ഷോ ചെയ്തതിന്റെ ദൃശ്യങ്ങൾ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഇവർക്കിടയിൽ നിലനിന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഡബ്സിയും സുഹൃത്തുക്കളും ബാസിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു എന്നാണ് ബാസിലിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മുന്‍പ് ഉണ്ണി മുകന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു.