കൂറ്റനാട് : തുടർച്ചയായി 11.45 മണിക്കൂർ കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായും മന:പാഠം ഓതിക്കേൾപ്പിച്ച് പട്ടിശേരി മുനവ്വിറുൽ ഇസ്ലാം ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർഥി ഹാഫിള് മുഹമ്മദ് യാസീൻ അപൂർവ്വ നേട്ടം കരസ്ഥമാക്കി.
കഴിഞ്ഞദിവസം രാവിലെ 6.15 നു സൂറത്തുൽ ഫാത്തിഹ ഓതി തുടങ്ങി തുടർച്ചയായി പതിനൊന്നേ മുക്കാൽ മണിക്കൂർ കൊണ്ടാണ് വിശുദ്ധ ഖുർആൻ സമ്പൂർണ്ണമായി മന:പാഠം പാരായണം ചെയ്ത് ഈ ഉദ്യമത്തിൽ വിജയം നേടിയത്.
നിസ്കരിക്കാനും ഭക്ഷണം കഴിക്കാനും മാത്രമാണ് ഇതിനിടയിൽ ചെറിയ ഇടവേളകൾ എടുത്തത്.
ഖുർആൻ മന:പാഠമുള്ള അപൂർവ്വം വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇത്തരത്തിൽ 'ഒറ്റയിരിപ്പിൽ'ഖുർആൻ പൂർത്തീകരിക്കാൻ സാധിക്കാറുള്ളത് എന്നത് ഈ നേട്ടത്തെ ശ്രദ്ധേയമാക്കുന്നു
പന്നിത്തടം സ്വദേശിയും മാഹിറുൽ ഖുർആൻ ഇന്റർനാഷണൽ ഖുർആൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആയ 'ഡോ. അഹമ്മദ് നസീം ബാഖവി _ ഹഫ്സ ദമ്പതികളുടെ മകനാണ് മുഹമ്മദ് യാസീൻ.
വിദ്യാർത്ഥിയുടെ കഠിനാധ്വാനവും നിരന്തരമായ പരിശീലനവും നിശ്ചയദാർഢ്യവുമാണ് ഈ നേട്ടത്തിന് പിന്നിലെ ചാലക ശക്തി.
കേരളത്തിലെ പ്രശസ്ത ഖാരിഉം ഖുർആൻ പാരായണ ശാസ്ത്ര വിദഗ്ദ്ധനുമായ ശൈഖുനാ അബ്ദുൾ റസാഖ് അൽ- ഫുർഖാനിയുടെ ശിഷ്യനും ദുബായ് ഹോളി ഖുർആൻ ഇന്ത്യൻ ജൂറി പാനൽ അംഗവുമായ ഹാഫിള് മുസ്തഫ അൽ - ഫുർഖാനി, ഹാഫിള് ഷംസുദ്ദീൻ വാഫി എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥി പഠനം നടത്തിവരുന്നതും ഓതി കേൾപ്പിച്ചതും.
ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർഥിയെ ഫിള്ഫ് അക്കാദമി പ്രസിഡൻറ് സി.പി അബ്ദുൽ മജീദ് ഹാജി സെക്രട്ടറി നൗഷാദ് കെ. പി , ട്രഷറർ കബീർ പട്ടിശ്ശേരി എന്നിവരും മറ്റ് കമ്മറ്റി ഭാരവാഹികളും പട്ടിശ്ശേരി കേന്ദ്ര മഹല്ല് , മദ്രസ ഭാരവാഹികളും, രക്ഷിതാക്കളും, നാട്ടുകാരും അഭിനന്ദിച്ചു.