തൃത്താല: വിളവെടുപ്പ് മഹോത്സവത്തിന് തൃത്താലയിൽ ഗംഭീര തുടക്കം കുറിച്ചു. രാവിലെ ഒൻപതര മണിക്ക് ആറങ്ങോട്ടുകരയിൽ അഡ്വ. അശോകന്റെ ഒന്നര ഏക്കർ സ്ഥലത്ത് പയർ കൃഷി വിളവെടുപ്പ് നടത്തിയിട്ടാണ് മന്ത്രി എം.ബി രാജേഷ് തുടക്കം കുറിച്ചത്.
കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും, പ്രദേശത്തെ കർഷകരും ചേർന്നാണ് ആറങ്ങോട്ടുകരയിൽ മാത്രം ആറ് ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. വിളവെടുത്തത് ഒന്നര ഏക്കറിലെ പച്ചക്കറി കൃഷിയാണ്. വാദ്യമേളങ്ങളുമായി ആഘോഷപൂർവ്വമായിരുന്നു ആ വിളവെടുപ്പ്. നൂറുകണക്കിന് ആളുകൾ ഉത്സവാന്തരീക്ഷത്തിൽ നടന്ന വിളവെടുപ്പിൽ പങ്കെത്തു.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ആറങ്ങോട്ടുകര സെൻററിലെ മുല്ലക്കൽ ഭഗവതി ക്ഷേത്ര പരിസരത്ത് വച്ച് നടന്ന വിളവെടുപ്പ് ഉദ്ഘാടനം തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു.
എൻ. ആർ. ഇ. എഫ്. എ ഇ കാർത്തിക, ഓവർസിയർ നന്ദന എന്നിവരുടെ നേതൃത്വത്തിൽ 5-ാം വാർഡിലെ നാല്പതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള ഒരു ഏക്കറോളം വരുന്ന പറമ്പ് പാട്ടത്തിനെടുത്താണ് പയർ കൃഷി ഇറക്കിയിരുന്നത്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് പാകമായ പയർ വിളവെടുപ്പ് നടത്തിയത്.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. സൂഹറയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് സി. എം. മനോ മോഹൻ, ജില്ല പഞ്ചായത്ത് അംഗം അനു വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം ഗ്രീഷ്മ, തിരുമിറ്റക്കോട് സഹകരണ സംഘം ബാങ്ക് പ്രസിഡണ്ട് നാരായണൻകുട്ടി, നവകേരള മിഷൻ കോഡിനേറ്റർ സൈതലവി, കൃഷി ഓഫീസർ ബിഹാര, പാടശേഖര സമിതി സെക്രട്ടറി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.