എടപ്പാൾ കണ്ടനകം വാഹനാപകടം ; നാടിനെ കണ്ണീരിലാഴ്ത്തി വിജയൻ്റെ വിയോഗം

 


എടപ്പാൾ :കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച എടപ്പാൾ സ്വദേശി പെണ്ണേയംകാട്ട് വിജയൻ്റെ വേർപാട് നാട്ടുകാരെ ദു:ഖത്തിലാഴ്ത്തി.

തിങ്കളാഴ്ച വൈകുന്നേരം നാലര മണിയോടുകൂടിയാണ് അപകടം. അപകടം നടന്ന സ്ഥലത്തിനടുത്താണ് മരണപ്പെട്ട വിജയന്റെ വീട്.സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കണ്ടനകം യുപി സ്കൂളിലെ വിദ്യാർഥികളായ ആരാധ്യ, അമേയ,അഭിഷേക്, കണ്ടനകം സ്വദേശി ഉണ്ണി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 

ഇതിൽ അമേയ അഭിഷേക് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു മണിക്കൂറോളം വാഹനത്തിനടിയിൽ പെട്ട ഉണ്ണി എന്നയാളെ പോലീസും ഫയർഫോഴ്സും ചേർന്ന് ക്രെയിൻ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി എടപ്പാളിലെ ഹോസ്പിറ്റലിൽ എത്തിച്ചത്. 

എടപ്പാൾ ദാറുൽഹിദായ സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽ പെട്ടത്. സ്ഥലത്ത് രണ്ടുമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. പോലീസും നാട്ടുകാരുടെയും സഹകരണത്തോടെ ഗതാഗതം പുനസ്ഥാപിച്ചു.

 മരിച്ച വിജയന്റെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും .രജനി (പോട്ടൂർ മോഡേൺ സ്കൂൾ അധ്യാപിക) യാണ് മരിച്ച വിജയന്റെ ഭാര്യ. മക്കൾ: അഭിഷേക്, വിജിന


Below Post Ad