ഇന്ന് മുതൽ യു.പി.ഐ പണമിടപാടുകൾക്ക് പിൻ നമ്പർ വേണ്ട; പകരം ബയോമെട്രിക് ഒതന്‍റിക്കേഷൻ

 



ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾക്കായി കൂടുതൽപേരും ആശ്രയിക്കുന്നത് യു.പി.ഐ (യുനിഫൈഡ് പേമന്‍റ് ഇന്‍റ്ർഫേസ്) പേമെന്‍റുകളെയാണ്. പിൻ നമ്പറാണ് യു.പി.ഐ പേമെന്‍റുകൾ നടത്തുമ്പോൾ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ പിൻ നമ്പറുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക തട്ടിപ്പുകൾ രാജ്യത്ത് നടക്കുന്നുണ്ട്. അതുപോലെ ഇടപാടുകൾ നടത്തുമ്പോൾ നമ്മുടെ അടുത്ത് നിൽക്കുന്നവർ നമ്പർ കാണുന്നതിനും സാധ്യതയുണ്ട്. ഇതും ഒരു തരത്തിലുള്ള സുരക്ഷ വീഴ്ചയിലേക്ക് നയിക്കുന്നു.

ഈ സാഹചര്യത്തിൽ യു.പി.ഐ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌.പി‌.സി‌.ഐ). ഉപയോക്താക്കൾക്ക് ഇടപാടുകൾ നടത്തുമ്പോൾ പിൻ നമ്പറുകൾ നൽകുന്നതിനു പകരം ബയോമെട്രിക് ഒതന്റിക്കേഷൻ സൗകര്യമാണ് എൻ‌.പി‌.സി‌.ഐ അവതരിപ്പിക്കുന്നത്. 

അതായത് ഫേസ്, ഫിങ്കർ പ്രിന്‍റ് എന്നിവ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് കഴിയും. ഒക്ടോബർ എട്ട് മുതലാണ് പുതിയ രീതി നടപ്പിലാകുന്നത്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും ഒതന്‍റിക്കേഷൻ നടത്തുകയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ UPI പിൻ (PIN) ഉപയോഗിക്കുന്നതിന് പകരമായി ഇനിമുതൽ വിരലടയാളം (Fingerprint), ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) എന്നിവ ഉപയോഗിച്ച് പണം കൈമാറ്റം അംഗീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

നിലവിലുള്ള UPI പിൻ സംവിധാനം പൂർണ്ണമായി ഒഴിവാക്കില്ല. ഉപയോക്താക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് പിൻ ഉപയോഗിക്കണോ ബയോമെട്രിക് ഉപയോഗിക്കണോ എന്ന് തിരഞ്ഞെടുക്കാൻ സാധിക്കും

രാജ്യത്തെ ലക്ഷണക്കിന് ഉപയോക്താക്കളുടെ ഇടപാടുകൾ എളുപ്പവും വേഗത്തിലാക്കുന്നതിനും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതാണ് പുതിയ രീതി. പരമ്പരാഗത പിൻ നമ്പറുകൾക്കപ്പുറം ഇതര രീതികൾ ഉപയോഗിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയതോടെയാണ് പുതിയ നീക്കമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ രീതി നിലവിൽ വരുന്നതോടെ യു.പി.ഐയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.


Tags

Below Post Ad