തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ അക്രമണം ;10 മാനുകൾ ചത്തു

 



 തൃശൂർ:പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രത്യേക ആവാസ വ്യവസ്ഥയിൽ 10 മാനുകളെ ചത്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച‌ പുലർച്ചെയാണ് ഇവയെ ചത്തനിലയിൽ കണ്ടെത്തിയത്. തെരുവുനായ ആക്രമണമാണ് കാരണമെന്ന് സംശയിക്കുന്നു. ഡിയർ സഫാരി പാർക്കിനുള്ളിൽനിന്ന് രണ്ട് തെരുവുനായ്ക്കളെ ജീവനക്കാർ പിടികൂടി. അതീവ സുരക്ഷാ സംവിധാനമുള്ള മേഖലയിൽ തെരുവുനായ്ക്കൾ കയറിയതിൽ ദുരൂഹതയുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചു.

ഉയരത്തിലുള്ള കനത്ത കന്‌പിവേലി മറികടന്ന് തെരുവുനായ്ക്കൾ എങ്ങനെ അകത്തുകയറി എന്നതാണ് സംശയമുണർത്തുന്നത്. പുറത്തുനിന്നുള്ള ഇടപെടൽ ഉൾപ്പെടെ എല്ലാ വശങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണ‌, വിജിലൻസ് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ജോർജ് പി മാത്യു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അന്വേഷകസംഘത്തിലുള്ളതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ മാനുകളുടെ ദേഹത്ത് വീണ് പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ചാലേ യഥാർഥ കാരണം വ്യക്തമാകൂ. രാത്രി ഏറെ വൈകിയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. മാനുകളെ പാർക്കിനകത്ത് സംസ്‌കരിച്ചു. തൃശൂർ മൃഗശാലയിൽനിന്ന് പുത്തൂരിലേക്ക് മാറ്റിയ മാനുകളാണ് ചത്തത്. സംഭവം അറിഞ്ഞയുടൻ സുവോളജിക്കൽ പാർക്കിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തിയതായി മന്ത്രി കെ രാജൻ പറഞ്ഞു. വനംമന്ത്രിയും റവന്യൂ മന്ത്രിയുമാണ് സുവോളജിക്കൽ പാർക്ക് അധികൃതരുടെ അടിയന്തര യോഗം വിളിച്ചത്. പാർക്കിനകത്തുള്ള തെരുവുനായ്ക്കളെ നീക്കംചെയ്യാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു


Tags

Below Post Ad