കൊഴിഞ്ഞ ഇലകൾ | പ്രസന്ന ആനക്കര

 



പനിനീർമണക്കുന്ന പുലർകാലത്ത് അയാൾ പത്രം വായിച്ചിരിക്കുമ്പോൾ ചുടുചായയുമായി മുന്നിലേക്കു വന്ന അവളിലേക്ക് നോട്ടമിട്ട് ആയാൾ ചോദിച്ചു.


"മോള് ഇന്നു വരും ല്ല്യേ..?"


"ആ, അവളിന്നലെ വിളിച്ചിരുന്നു.

വൈകുന്നേരം എത്തുമെന്നാ പറഞ്ഞത്, മോനും വരണുണ്ടത്രേ!"


"ഓ ഞാനിന്നലെ 

നേരത്തെ ഉറങ്ങി.

നീ കുറെനേരം കഴിഞ്ഞാവും ഉറങ്ങിയല്ലേ?

എന്താവോ,നീരിറക്കം കൊണ്ടോ ...എന്തോ അറിയില്ല.

നല്ല തലവേദന."


"എന്നാലിങ്ങനെ പത്രം വായിച്ചിരിക്കണോ?

ഒന്നങ്ങട് കുറഞ്ഞോട്ടെ.

പിന്നെ കാഴ്ചയുടെ പ്രശ്നംകൂടെ ഉണ്ടല്ലോ?"


"ആ.. അവളൊന്നു വന്നോട്ടെ, 

കുര്യൻ ഡോക്ടറെ ഒന്ന് കാണിക്കണം.

നിന്നെകൂട്ടി പോകാനാണെങ്കിൽ

പിടിപ്പതുപണിയല്ലേ നിനക്ക് .

അവനെത്തിയാൽ പിന്നെ

നിന്നെയെനിക്കുകിട്ടില്ല.അവനാണേൽ നിന്റെവാലും പിടിച്ചുനടക്കും"


അയാൾ ചിരിച്ചുകൊണ്ടുപറഞ്ഞു.


സാരിത്തലപ്പിൽ മുഖംതുടച്ച് 

അവൾ പറഞ്ഞു,

"ഞാനങ്ങട് പോട്ടെ,

ഇത്തിരിയേറെ കഴുകിവെയ്ക്കാനുണ്ട്."

പിന്നീട് കാലം ഒരുപാട് കൊഴിഞ്ഞുപോയിക്കൊണ്ടിരിന്നു. തലവേദനയുടെ രൂപത്തിലെത്തിയ മഹാരോഗത്തിന്റെ മൂർച്ചയിൽനിന്നും മരണത്തിലേക്ക് തന്റെ പ്രാണനെകൊണ്ടുപോയത് 

അവൾ ഓർത്തിരുന്നു പോയി. 

കരിഞ്ഞുണങ്ങിയ പാത്രത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട്,

അവൾ വീണ്ടും വീണ്ടും പറഞ്ഞു.


"എന്നാലും എന്നെ തനിച്ചാക്കി ഇത്രവേഗം.... "


ജീവിച്ചു മതിവരാത്ത ആ നനുത്ത സ്നേഹസ്പർശം പ്രത്യാശയുടെ തുരുത്തിലേക്ക് വഴികാട്ടിത്തരുമ്പോൾ,

തുറക്കാൻ ശ്രമിക്കുന്ന കണ്ണുകളിൽ നിന്നും ഉടഞ്ഞൊഴുകുന്ന കണ്ണുനീർത്തുള്ളികൾ തെറിച്ചുവീഴുമ്പോൾ 

എവിടെനിന്നാണെന്നറിയില്ല ഒരു തണുത്ത കാറ്റവിടെ വീശികൊണ്ടിരുന്നു . 

നേരത്തെ നട്ടുവച്ചിരുന്ന മാവിന്റെ ചില്ലയിൽ

ഒരു കുഞ്ഞിക്കിളിവന്ന് കൂടൊരുക്കിയിരുന്നത്,

എത്ര കൗതുകത്തോടെയാണ് അന്ന് നോക്കിയിരുന്നത്.

അപ്പോഴെല്ലാം എന്നോടുപറയും,


 "നമ്മൾ ഈ വീടുവയ്ക്കാൻ എത്രകഷ്ടപ്പെട്ടു.

ഉണ്ടായിരുന്ന നിന്റെ സ്വർണം മുഴുവനും ഞാനെടുത്തില്ലേ?"


"ഓ.. ഇനിയിപ്പോ 

പണ്ടം കെട്ടി നടക്കാഞ്ഞിട്ടാ..

എന്നാലും നമുക്കൊരു സ്വർഗ്ഗം പണിയാൻ പറ്റിയല്ലോ "


അവർ പരസ്പരം ചിരിച്ച് മുഖത്തോടുമുഖം നോക്കി.


എന്നാലും ആ കിളിയുടെ

ഒരു കരവിരുതു കണ്ടില്ലേ?

 എത്ര മനോഹരമായിട്ടാണ് ആ കൂടുപണിയുന്നത്.

വളരെനേരം നോക്കി നിന്നിട്ടും

എപ്പൊഴൊ ശ്രദ്ധ മാറിയെന്നറിയില്ല.

 പിന്നീടതിനെക്കുറിച്ച് സംസാരിക്കാൻ എന്തുകൊണ്ടോ സാധിച്ചില്ല.

ഇപ്പോഴിതാ ഈ കാറ്റത്ത് ആ കിളിക്കൂട് വീണിരിക്കുന്നു.

 

ആ കൂടിനെന്തോ എന്നോട് പറയാനുള്ളതുപോലെ.


മുറ്റത്തിറങ്ങി കൂട് എടുത്തുനോക്കി.

ചുറ്റും ആവരണം ചെയ്യപ്പെട്ട ഇലകളെല്ലാം കരിഞ്ഞിരിക്കുന്നു.

ശേഷിച്ച ചില്ലയിൽ പറ്റിപ്പിടിച്ചിരിക്കാൻ ത്രാണിയില്ലാതെ വന്നപ്പോഴാവും,

കാറ്റുവന്ന് വിളിച്ചപ്പോൾ

അടർന്നുവീണത്.

 അത് കൂടായാലും, ആളായാലും അങ്ങനെതന്നെയല്ലേ?

മക്കളാണേൽ രണ്ടുപേരും ഓരോരോ ജോലിയുമായി കുടുംബസമേധം പുറത്താണ്.

എപ്പോഴെങ്കിലും വന്നെങ്കിലായി. നിത്യവും വിളിക്കും. വിശേഷങ്ങൾ അന്വേഷിക്കും. തിരക്കാണ് അമ്മേ.

പിന്നീടൊരിക്കൽ വരാട്ടോ.. 

ഞങ്ങൾക്കും അമ്മയെ കാണണമെന്നുണ്ടല്ലോ.

സമയമില്ലാത്തതുകൊണ്ടാണമ്മേ..

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപ്പുറത്തെ രാജുവിനോട് പറഞ്ഞോളൂ.

എന്നാൽ...

ശരി അമ്മേ....


മക്കളുടെ വിശേഷങ്ങൾ അവിടെതീരും.


തല ഉയർത്തിനടന്നിരുന്ന തന്നിലേക്ക് നീറുന്ന മുറിവുമായി അദ്ദേഹമിപ്പോഴും ഇരുട്ടിലെ നിഴൽപ്പോലെ എന്നിലലിഞ്ഞുകൊണ്ടരിക്കുന്നു.


പണ്ട്, നടന്നുനീങ്ങിയ പാടവരമ്പുകളിലേക്ക് കൈകോർത്തുപിടിച്ച നോവോർമ്മകളുടെ കയ്പ്പുനീരിന്നും, വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.


വിളഞ്ഞു പഴുത്ത പാടങ്ങളിലേക്ക് നട്ടുച്ചനേരങ്ങളിൽ ഒറ്റമുണ്ടിന്റെ കൂടെ പുതച്ചതോർത്തുമായി

കൂടെനടന്ന യൗവനത്തുടിപ്പിലെ കാൽവെയ്പ്പുകളിൽ ചേർത്തുപിടിച്ച ഓർമ്മത്തുരുത്തിലേക്ക് പ്രണയത്തിന്റെ പുതുമഴയിറ്റിച്ച് പറഞ്ഞുമതിയാകാതെപോയ മടുക്കാത്ത എത്രമാത്രം വാക്കുകളാണ്.

അവൾ ഓർത്തിരുന്നു.

അതൊന്നും വീണ്ടും കേൾക്കാനായി എന്റെയീ കാതുകൾ കാത്തിരിക്കുന്നു.

ഇനിയെത്രകാലം മുന്നോട്ടുപോകുമെന്നറിയാതെ,


തിമിരം ബാധിച്ച കണ്ണുകളാൽ നോക്കിയിരിക്കുമ്പോൾ അന്നത്തെ തിളങ്ങുന്ന കണ്ണുകളിലേക്ക് 

മതിവരാതെ നോക്കുവാനുള്ള മോഹവുമായി

കാലങ്ങളായി കാത്തിരിക്കുന്നു.

ഞാൻ നിന്റേതു മാത്രമാണെന്ന പ്രതിധ്വനിയുടെ ആഴമേറുമ്പോൾ,

വറ്റുന്നതൊണ്ടയിലേക്ക് 

ഇറ്റുവീണ പുതുമഴത്തുള്ളിപോലെ ഇലഞരമ്പുകളിലേക്ക് പെയ്തുതുടങ്ങിയ

ഓരോ മഴത്തുള്ളിയും

അടർന്നുവീണുകൊണ്ടേയിരുന്നു...

പ്രസന്ന ആനക്കര

Below Post Ad