തിരുമിറ്റക്കോട് : ഓഡിറ്റോറിയത്തിലെ മുൻ മാനേജർ മണ്ഡപത്തിന്റെ പേരിൽ വ്യാജ രസീത് നിർമ്മിച്ച് വിവാഹങ്ങൾ ബുക്ക് ചെയ്തു പണം തട്ടിയ കേസിൽ ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.
പട്ടാമ്പി വള്ളൂർ സ്വദേശിയായ മോഹൻദാസിനെയാണ് ഓഡിറ്റോറിയം ഉടമയുടെ പരാതിയിൽ ചാലിശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്.
നേരത്തെ ഇതേ ഓഡിറ്റോറിയത്തിൽ മാനേജർ ആയിരുന്ന പ്രതി അക്കാലയളവിൽ കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുന്ന വകയിൽ ഉടമസ്ഥനറിയാതെ പണം തട്ടിയെടുത്തിരുന്നു.
ഒരേ ദിവസം രണ്ട് കല്യാണങ്ങൾ വന്നപ്പോഴാണ് ഇക്കാര്യം ഓഡിറ്റോറിയം ഉടമയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി കാലങ്ങളായി നടത്തിയ തട്ടിപ്പ് പുറത്ത് വന്നത്.
