കുറ്റിപ്പുറം റയിൽവെ ട്രാക്കിന് മുകളിൽ ഗർഡർ സ്ഥാപിച്ചു

 



കുറ്റിപ്പുറം :  30 പൊലീസുകാർ,ഏഴ് റെയിൽവേ, ദേശീയപാത ഉന്നത ഉദ്യോഗസ്ഥർ, മുപ്പതോളം ടെക്നിക്കൽ ജീവനക്കാർ, സാങ്കേതിക പിന്തുണ നൽകുന്നവർ എന്നിവരടങ്ങിയ സംഘത്തി ന്റെ 30 മണിക്കൂർ പ്രയത്നം ഫലം കണ്ടു. 800 ടൺ ഭാരമുള്ള, ഇരുമ്പ് കൊണ്ടുള്ള, 'റ' ആകൃതിയിലുള്ള പാലം ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ ട്രാക്കിനു മുകളിൽ സ്ഥാപിച്ചു. മുൻപ് രണ്ട് തവണ ഗർഡർ സ്ഥാപിക്കുന്നത് പരാജയപ്പെട്ട സാഹചര്യത്തിൽ ഇത്തവണ പ്രവൃത്തി കാണാൻ ആകാംക്ഷയിൽ ജനങ്ങൾ കാത്തു നിന്നു.

ചൊവ്വ രാവിലെ എട്ടു മുതലാണ് കോംപസിറ്റ് ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. ഇന്നലെ പുലർച്ചെ അഞ്ച് - വരെ നടത്തിയ പ്രയത്നത്തിൽ 50 - മീറ്ററിൽ ഗർഡർ മറുവശത്തേക്ക് എത്തിച്ചു. ബാക്കി 13 മീറ്റർ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതൽ തള്ളി നീക്കി പൂർത്തിയാക്കി. ആറു മിനിറ്റിൽ ഒരു മീറ്ററാണ് ഗർഡർ നീങ്ങിയത്. ഒരു മണിക്കൂറിൽ 10 മീറ്റർ നീങ്ങി. അതിനിടെ 35 മീറ്ററിന് ശേഷം ട്രോളി മറുവശത്തേക്ക് കയറുന്നതിന് മുൻപ് പ്രയാസം നേരിട്ടു. ആ പ്രശ്നം സമയമെടുത്താണ് പരിഹരിച്ചത്.


പ്രവൃത്തികൾ നടക്കുന്നതിനിടെ ട്രെയിനുകൾ ട്രാക്കുകൾ മാറിയാണ് സഞ്ചരിച്ചത്. കഴിഞ്ഞരണ്ടു തവണ ഗർഡർ സ്ഥാപിക്കുന്നത് പരാജയപ്പെട്ടതിനാൽ ഏറെ സൂക്ഷ്മമായാണ് പ്രവൃത്തികൾ ചെയ്തത്. ജൂൺ 26ന് ആണ് കോംപസിറ്റ് ഗർഡർ സ്ഥാപിക്കാൻ ആദ്യം ശ്രമം നടത്തിയത്. എന്നാൽ അവസാന ഘട്ട വെൽഡിങ് പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ നടന്നില്ല. പിന്നീട് ജൂലൈ രണ്ടിനു രാത്രിയിൽ വീണ്ടും ശ്രമിച്ചെങ്കിലും, ഗർഡർ ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് വലിക്കുന്നതിനിടയിൽ ജാക്കികളിൽ ഘടിപ്പിച്ച റോപ്പിൻ്റെ പിൻഭാഗത്തെ രണ്ടു സപ്പോർട്ടിങ് പ്ലേറ്റുകൾക്കു തകരാർ സംഭവിച്ചു.


ഇതോടെ ഗർഡർ സ്‌ഥാപിക്കുന്ന ജോലികൾ തടസ്സപ്പെട്ടു. അന്ന് 10 മീറ്ററോളം മാത്രമാണ് ഗർഡർ മുന്നോട്ടുനീക്കാൻ കഴിഞ്ഞത്. പിന്നീട് ഗർഡർ പഴയ സ്ഥലത്തേക്കുതന്നെ നീക്കിവയ്ക്കുകയും ചെയ്തു. ഗർഡർ സ്ഥാപിക്കൽ ദേശീയപാതയിൽ പൂർത്തിയാക്കാനുള്ള പ്രധാന പ്പെട്ട ജോലികളിൽ ഒന്നായിരുന്നു. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ട‌ർ പ്രവീൺ കുമാർ, ടീം മാനേജർ ഷാജി, റെയിൽവേ പാലക്കാട് ഡിവിഷൻ ഡിആർഎം ജയകൃഷ്ണൻ, റെയിൽവേ ചെന്നൈ ബ്രിജ് ഡിവിഷൻ ഉദ്യോഗസ്ഥർ, ടെക്നിക്കൽ ടീം അംഗങ്ങൾ എന്നിവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി.


Below Post Ad