കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയ്ക്ക് ഇന്ന് കൊടിയേറ്റം



കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയ്ക്ക് ഇന്ന്  കൊടിയേറ്റം

മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30- ന് സരസ് മേള ഉദ്ഘാടനം ചെയ്യും

 28 സംസ്ഥാനങ്ങൾ, ആകെ 250 സ്റ്റാളുകൾ, മുപ്പതിലധികം ഫുഡ് സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ഫ്ളവർ ഷോ, ഹാപ്പിനെസ് കോർണർ എന്നിവ മേളയുടെ ആകർഷണമാകും


പാലക്കാട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ഇന്നു(2-1-2026) മുതൽ 11 വരെ തൃത്താല ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് -ഉൽപന്ന പ്രദർശന വിപണന മേളയ്ക്ക് ഇന്ന് കൊടിയേറും. തൃത്താലയുടെ ചരിത്രത്തിൽ ഇതാദ്യമായി അരങ്ങേറുന്ന ദേശീയ സരസ് മേള ഇന്നു(2-1-2026) വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ വിശിഷ്ടാതിഥിയാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എ.പി അബ്ദുൾ സമദ് സമദാനി എം.പി, വി.കെ ശ്രീകണ്ഠൻ എം.പി എന്നിവർ മുഖ്യാതിഥിയാകും. എം.എൽ.എമാരായ പി മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിൻ എന്നിവർ ആശംസിക്കും.    


ഉദ്ഘാടനം സമ്മേളനത്തിനു മുന്നോടിയായി മൂന്നു മണിക്ക് ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്റ്റിന് സമീപത്ത് നിന്നും മുലയംപറമ്പ് മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. തുടർന്ന് കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോടും സംഘവും തിറ, പൂതൻ, കരിങ്കാളി ആവിഷ്കാരങ്ങൾ അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ഏഴു മുതൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ ശരത്, പ്രകാശ് ഉളിയേരി എന്നിവരുടെ നേതൃത്വത്തിൽ "ത്രയ'-ദി മ്യൂസിക്കൽ ഫ്യൂഷൻ പരിപാടിയും അരങ്ങേറും.

ഉൽപന്ന രുചി വൈവിധ്യങ്ങളും

കലാ സാംസ്കാരിക പരിപാടികളുമായി കുടുംബശ്രീ ദേശീയസരസ് മേള:

തൃത്താലയ്ക്കിനി ഉത്സവ നാളുകൾ                           

പാലക്കാട്: ഉൽപന്ന രുചി വൈവിധ്യങ്ങളും കലാ സാംസ്കാരിക പരിപാടികളുമായി കുടുംബശ്രീ ദേശീയസരസ് മേള അരങ്ങേറുന്നതോടെ തൃത്താലയെ കാത്തിരിക്കുന്നത് ഇനി ഉത്സവ നാളുകൾ.  

  സരസ്മേളയോടനുബന്ധിച്ച് ഇക്കുറി വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഉൽപന്ന പ്രദർശന വിപണന വിഭാഗം പ്രവർത്തിക്കുക. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ സംരംഭകർ തയ്യാറാക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് സരസ് മേളയുടെ മുഖ്യ ആകർഷണം. ഇതര സംസ്ഥാനങ്ങളിലെ സംരംഭകർ നിർമിക്കുന്ന വൈവിധ്യങ്ങളായ ഭക്ഷേ്യാൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാകും.


 ഇതു കൂടാതെ ഒരേ സമയം അഞ്ഞൂറോളം പേർക്ക് വരെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ മെഗാ ഇന്ത്യൻ ഫുഡ് കോർട്ട്, വിശാലമായ കലാവേദി എന്നിവയും സരസ് മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ വനിതാ സംരംഭകരും എറണാകുളത്തു നിന്നുള്ള ലക്ഷ്യ ട്രാൻസ്ജെൻഡർ ഗ്രൂപ്പും തങ്ങളുടെ ഭക്ഷ്യവിഭവങ്ങളുമായി ഫുഡ്കോർട്ടിൽ പങ്കെടുക്കും. അമ്യൂസ്മെന്റ് പാർക്ക്, ഫ്ളവർ ഷോ, ഹാപ്പിനെസ് കോർണർ എന്നിവയും മേളയുടെ ഭാഗമായുണ്ട്.


ക്യാപ്റ്റൻ ലക്ഷ്മി, അമ്മു സ്വാമിനാഥൻ, പഞ്ചമി എന്നിങ്ങനെയാണ് കലാസാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്ന വേദികളുടെ പേരുകൾ. മേള നടക്കുന്ന പത്തു ദിവസങ്ങളിലായി ചലച്ചിത്ര താരം നവ്യ നായർ, പിന്നണി ഗായിക റിമി ടോമി, പുഷ്പവതി പൊയ്പാടത്തി, കുമാരി ഗംഗാ ശശിധരൻ, ആർ.എൽ.വി രാമകൃഷ്ണൻ, ഷഹബാസ്, സൂരജ് സന്തോഷ്, സ്റ്റീഫൻ ദേവസ്സി, സിതാര കൃഷ്ണ കുമാർ എന്നിവരും കലാവേദിലെത്തും. ഒരേ സമയം ആയിരത്തിലേറെ പേർക്ക് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന പടുകൂറ്റൻ വേദിയാണ് കലാപരിപാടികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്.


മേളയുടെ സുരക്ഷയ്ക്കായി ഫയർഫോഴ്സ്, പോലീസ് വിഭാഗത്തിന്റെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് രൂപീകരിച്ച വിവിധ സബ്കമ്മിറ്റികൾ എല്ലാ ദിവസവും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. സരസ് മേളയുടെ സുഗമമായ നടത്തിപ്പിനായി നൂറ്റി അമ്പതോളം മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്മാർ, വൊളണ്ടിയർമാർ എന്നിവരും ഉണ്ടാകും. മേളയിലുടനീളം ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി മുന്നൂറ്റി അമ്പതോളം ഹരിതകർമ സേനാംഗങ്ങളുടെ സേവനവും ലഭ്യമാക്കും. ഇവർ എല്ലാ വേദികളിലും ഉണ്ടാകും. മാലിന്യശേഖരണവും മാലിന്യ സംസ്ക്കരണവും ഇവർ മുഖേനയാകും നടപ്പാക്കുക. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ സഹകരണവും മേളയിൽ ഉറപ്പാക്കിയിട്ടുണ്ട്.



Tags

Below Post Ad