ആനക്കര : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആനക്കര മണ്ഡലത്തിൽ പാർട്ടി അച്ചടക്കം ലംഘിക്കുകയും,വിമത സ്ഥാനാർത്ഥിയെ നിർത്തി മുന്നണി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്ത നാല് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് പി.കെ. ബഷീർ, യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ സെക്രട്ടറി പി.എം. സബാഹ്, കെ.എസ്.യു തൃത്താല ബ്ലോക്ക് പ്രസിഡണ്ട് യാസിർ, യൂത്ത് കോൺഗ്രസ് ആനക്കര മുൻ മണ്ഡലം വൈസ് പ്രസിഡണ്ട് ലിബിൻ എന്നിവർക്കെതിരെയാണ് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ നടപടിയെടുത്തത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായ അച്ചടക്ക ലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
കപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കരക്കും, ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. അബ്ദുൽ സലീമിനും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡിസിസി പ്രസിഡന്റ് നൽകി.
പാർട്ടി തത്വങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.
