എടപ്പാൾ സേതു നായർക്ക് നവകേളി പുരസ്കാരം; സമർപ്പണം നാളെ

 


 കൂറ്റനാട് : കോതച്ചിറ അയ്യപ്പൻകാവ് കൊടുങ്ങല്ലൂർക്കാവ് നവഭാരത് പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന എട്ടാമത് നവകേളി പുരസ്കാരം പ്രശസ്ത വാദ്യ കലാകാരൻ എടപ്പാൾ സേതു നായർക്ക് സമർപ്പിക്കും. 

കോതച്ചിറ ശേഖരൻ നായർ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

10000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. വിഷുക്കണി, വിഷുക്കൈനീട്ടം, പുരസ്കാര സമർപ്പണം എന്നിവയോടെയാണ് പരിപാടി നടക്കുക. 

ക്ഷേത്രം കോമരം ഉണ്ണികൃഷ്ണൻ നായർ, വി.എം.സി നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് അഡ്വ. വിദ്യാധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ വിശിഷ്ടാതിഥിയാകും.

പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായി നടപ്പുര പഞ്ചവാദ്യവും കോതച്ചിറ കൃഷ്ണ തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും അരങ്ങേറും. കലാമണ്ഡലം രതീഷ്, സദനം ഭരതരാജ്, പെരിങ്ങോട് സുബ്രഹ്മണ്യൻ, വരവൂർ അപ്പു, കോതച്ചിറ കുട്ടിനാരായണൻ എന്നിവർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും.

 ഭാരവാഹികളായ കലാമണ്ഡലം രതീഷ്, സി.വി വാസുദേവൻ, സി.എം ജനാർദ്ദന വാര്യർ, ടി.എം സജീവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Below Post Ad