പട്ടാമ്പിയുടെ ജനകീയ താഹസിൽദാർ ടിപി കിഷോർ ഇന്ന് വരമിക്കും. കൗതുകമായത് വിരമിക്കുന്ന ദിവസം മലപ്പുറം എൽഎഎൻഎച്ച് ഡപ്യൂട്ടി കളക്ടറായ നിയമനമാണ്. യഥാർത്ഥത്തിൽ ഇത് അദ്ദേഹത്തിന് അർഹതക്കുന്ന അംഗീകാരമാണിത്.
പട്ടാമ്പിയിൽ താലൂക്ക് രൂപീകരിച്ച നാൾ മുതൽ ഡപ്യൂട്ടി തഹസിൽദാറായും, തഹസിൽദാറായും ടി പി കിഷോർ പ്രവർത്തിച്ചു. ആർക്കും കുറ്റം പറയാൻ കഴിയാത്ത വിധം മികച്ച സേവനം.
സാധാരണക്കാരയ മനുഷ്യർക്ക് അർഹതപ്പെട്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ പരിശ്രമിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ടി പി കിഷോർ. പ്രളയകാലത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകയാണ്.
1994 ൽ കേരള പോലീസിൽ കോൺസ്റ്റബിൾ ആയാണ് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് 1997 ൽ റവന്യു വകുപ്പിൽ ജോലിയിൽ ക്ലർക്ക് ആയി. തുടർന്ന് ആനക്കര, പട്ടിത്തറ, കപ്പൂർ, തൃത്താല വില്ലേജുകളിൽ വില്ലേജ് അസിസ്റ്റന്റ്, സ്പെഷൽ വില്ലേജ് ഓഫീസർ, വില്ലേജ് ഓഫീസർ എന്നീ തസ്തികകളിൽ ജോലി ചെയ്തു.
2014 ൽ ഡപ്യൂട്ടി തഹസിൽദാർ ആയി. പട്ടാമ്പി, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിൽ ജോലി ചെയ്തു. 2019 ൽ തഹസിൽദാറായി പ്രമോഷൻ ലഭിച്ച ശേഷം കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്, പട്ടാമ്പി, പെരിന്തൽമണ്ണ, ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലും, ഒറ്റപ്പാലം സബ് കളക്ടർ ഓഫീസിൽ സീനിയർ സൂപ്രണ്ടായും ജോലി ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് അദ്ദേഹം മണ്ണാർക്കാട് ഭൂരേഖ തഹസിൽദാറായി പോയത്. ഏപ്രിൽ 30 ഇന്ന് വിരമിക്കാനിരിക്കെയാണ് മലപ്പുറം എൽഎഎൻഎച്ച് ഡപ്യൂട്ടികളക്ടർ ആയി പ്രമോഷൻ ലഭിച്ചത്. രാവിലെ അവിടെ എത്തി ചുമതലയേൽക്കുമെന്ന് ടി പി കിഷോർ പറഞ്ഞു.
കപ്പൂർ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടി സ്വദേശി തിരുമനശ്ശേരി പറമ്പിൽ വീട്ടിൽ ടി പി കിഷോർ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോൾ അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് വിരമിക്കുന്ന ദിവസം ഡപ്യൂട്ടികളക്ടർ ആകാൻ കഴിഞ്ഞതെന്ന കാര്യം പറയാതെ വയ്യ. അപൂർവ്വം ചിലർക്കു മാത്രം ലഭിക്കുന്ന നേട്ടം.
പട്ടാമ്പി മുൻസിപാലിറ്റി സീനിയർ ക്ലർക്ക് വിനീത വിജയനാണ് ഭാര്യ. ഹർഷ, ഹിത എന്നിവർ മക്കളാണ്
