തൃശൂർ : കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥിയെ കാസർകോട് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയും അഴീക്കോട് താപ്പിൽ നിസാറിൻ്റെ മകനുമായ അബ്ദുൽ നിഹാലാണ് (15) മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒക്ടോബർ 14 ബുധനാഴ്ച രാവിലെ ട്യൂഷൻ സെൻ്ററിലേക്ക് പോയ നിഹാൽ പിന്നീട് വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് കുടുംബം ആശങ്കയിലായത്. രാവിലെ 6.15-ഓടെ കൊടുങ്ങല്ലൂരിലെ ട്യൂഷൻ സെൻ്ററിലേക്ക് പോയതായിരുന്നു. എന്നാൽ നിഹാൽ ട്യൂഷൻ സെൻ്ററിൽ എത്തിയിരുന്നില്ല. തുടർന്ന് വൈകുന്നേരമായിട്ടും വീട്ടിലേക്കും തിരിച്ചെത്തിയില്ല.
ഇതോടെ ബന്ധുക്കൾ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകുകയും പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് നിഹാൽ കാസർകോട് എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയത്.
തിരിച്ചറിയൽ കാർഡിലൂടെ ആളെ സ്ഥിരീകരിച്ചു.ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് കാസർകോട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്ജിൽ നിഹാൽ മുറിയെടുത്തത്. ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ലോഡ്ജ് ജീവനക്കാരൻ മുറി പരിശോധിച്ചപ്പോഴാണ് നിഹാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കാസർകോട് ടൗൺ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് പരിശോധിച്ചതോടെയാണ് മരിച്ചത് നിഹാലാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കുട്ടി തൃശ്ശൂരിൽ നിന്ന് കാസർഗോഡ് എത്തിയ സാഹചര്യം ഉൾപ്പെടെ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.ലോഡ്ജിൽ എത്തിയതിന്റെ വിവരങ്ങൾ മുറിയെടുത്ത സാഹചര്യം അവസാനമായി ഫോണിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിലാണ്.
മൃതദേഹം inquest നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. പോലീസ് അന്വേഷണം നടത്തി വരുന്നു.
