തൃത്താല ഗവ. കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ എം കോം ഫിനാൻഷ്യൽ അനലിറ്റിക്സ് കോഴ്സ് ആരംഭിക്കുമെന്ന് വിടി ബൽറാം എംഎൽഎ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബൽറാം നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു തൃത്താല ഗവ. ആർട്സ് & സയൻസ് കോളേജിൽ പുതിയ കോഴ്സുകൾ കൊണ്ടുവരും എന്നത്. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ അഞ്ച് വർഷമായി അവിടെ പുതിയ കോഴ്സുകളൊന്നും ആരംഭിച്ചിരുന്നില്ല എന്നത് തന്നെയാണ്.
2013ൽ വിടി ബൽറാം എംഎൽഎ ആയിരുന്നപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രത്യേക സഹായത്തോടെ തൃത്താലയിലെ ആദ്യത്തെ സർക്കാർ തല ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. മൂന്ന് ബിരുദ കോഴ്സുകളുമായിട്ടായിരുന്നു കോളേജിൻ്റെ തുടക്കം. കെട്ടിടങ്ങളും സൗകര്യങ്ങളുമൊക്കെ തയ്യാറായി വരുന്നതേയുള്ളൂ എന്നതിനാൽ വലിയ ലാബ് സൗകര്യങ്ങളൊന്നും ആവശ്യമില്ലാത്ത കോഴ്സുകളാണ് തുടക്കത്തിൽ തെരഞ്ഞെടുത്തത്. ബികോം(ഫിനാൻസ്), ബിഎസ് സി മാത്തമാറ്റിക്സ്, ബിഎ ഇംഗ്ലീഷ് എന്നിവയായിരുന്നു തുടക്കത്തിലെ കോഴ്സുകൾ. പിന്നീട് 2020ൽ എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസ് എന്ന ആദ്യ പിജി കോഴ്സും ആരംഭിച്ചു.
2021 ആവുമ്പോഴേക്കും പുതിയ കെട്ടിടങ്ങളോടു കൂടി വിശാലമായ ക്യാമ്പസിലേക്ക് കോളേജ് മാറിയിരുന്നു. എന്നിട്ടും ആ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പുതിയ കോഴ്സുകളൊന്നും കൊണ്ടുവരാൻ കഴിഞ്ഞ അഞ്ച് വർഷവും സാധിച്ചില്ല.
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ വർഷം തന്നെ പുതിയ ഒരു പിജി കോഴ്സ് അനുവദിച്ചതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനോട് വിടി ബൽറാം എം എൽ എ പ്രത്യേക നന്ദി അറിയിച്ചു
യഥാർത്ഥത്തിൽ ഒരു കോഴ്സ് കൂടി ഇതോടൊപ്പം തന്നെ ലഭിക്കേണ്ടതായിരുന്നു, എന്നാൽ അതിൻ്റെ സിലബസ് തയ്യാറാക്കി യൂണിവേഴ്സിറ്റി തലത്തിൽ അംഗീകാരം നേടുന്നതിന്ന് കാലതാമസം വന്നു. അതും മറ്റ് രണ്ട് അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളും അടുത്ത അധ്യയന വർഷം തന്നെ അനുവദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു
കോഴ്സ് അനുവദിപ്പിക്കുന്നതിൽ ഫോളോ അപ് നടത്തിയ കാലിക്കറ്റ് സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗം ലക്ഷ്മി ആർ ചന്ദ്രനും കോളേജ് പ്രിൻസിപ്പൽ ജയകൃഷ്ണൻ അടക്കമുള്ള അധ്യാപകർക്കും ബൽറാം പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു
