മുപ്പത് വർഷങ്ങൾക്ക് ശേഷം പുഞ്ചകൃഷിക്കായി ഉമ്മത്തൂർ ഒരുങ്ങുന്നു


ആനക്കര കൃഷിഭവൻ ഇടപെടലിനെ തുടർന്ന് മുപ്പത് വർഷങ്ങൾക്കിപ്പുറം, പൂർവ്വ കാർഷിക സംസ്കൃതിയുടെ സ്മരണകളുണർത്തി ഉമ്മത്തൂരിൽ പുഞ്ചകൃഷിക്ക് അരങ്ങൊരുങ്ങുന്നു. പുഞ്ചകൃഷിയിറക്കുന്നതിനായ് ആനക്കര ഗ്രാമപഞ്ചായത്ത് അധികൃതർ, കൃഷിഭവൻ, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടേയും പാടശേഖര സമിതി ഭാരവാഹികളുടേയും, കർഷകരുടേയും സംയുക്ത ആലോചനയോഗം ഉമ്മത്തൂർ മദ്രസയിൽ ചേർന്നു.

ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗത്തിൽ മൈനർ ഇറിഗേഷൻ്റെ ജലസേചന കനാലിനോട് ചേർന്ന് ജലലഭ്യതയുള്ള മുപ്പത് ഏക്കറോളമുള്ള സ്ഥലത്ത് ആദ്യഘട്ടത്തിൽ കൃഷിയിറക്കുവാൻ കർഷക യോഗത്തിൽ സംയുക്തമായ് തീരുമാനിച്ചു.

നെൽകൃഷിക്കായ് കാർഷിക പദ്ധതികൾ അനുവദിക്കുമെന്ന് കൃഷി ഓഫിസർ എം പി സുരേന്ദ്രനും,നിളയിൽ നിന്ന് കാർഷിക പ്രവർത്തനങ്ങൾ ക്കാവശ്യമായ ജലം,  ലഭ്യമാക്കമെന്ന് മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എഞ്ചിനിയർ രാജരാജേന്ദ്രനും കർഷകർക്ക് ഉറപ്പ് നല്കി.

ഒരു കാലത്ത് മൂന്ന് വിളക്കാലങ്ങളും സമൃദ്ധമായ് വിളഞ്ഞിരുന്ന ഉമ്മത്തൂർ പാടശേഖരത്തിലെ നെൽ വയലുകളിൽ നിന്ന് കാലാന്തരത്തിൽ പോയ് മറഞ്ഞ പുഞ്ചകൃഷിയെങ്കിലും തിരിച്ചുപിടിക്കണമെന്ന പ്രദേശത്തെ കർഷകരുടെ  ആവശ്യത്തിനും, കാത്തിരിപ്പിനും വർഷങ്ങളുടെ പഴക്കമുണ്ട്.

എന്തായാലും വേനലിൻ്റെ കാഠിന്യത്തിൽ പതിവായ് വരണ്ട  ഉമ്മത്തൂർ ഗ്രാമത്തിലെ വയലുകളിൽ ഇത്തവണ പുഞ്ചകൃഷിയുടെ തിരക്കുകളുണരും.ആലോചന യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.പി ഷിബു, കെ.പി മുഹമ്മദ്, ദീപ, അസിസ്റ്റൻ്റ് കൃഷി ഓഫിസർ ഷിനോജ്, സീനിയർ അഗ്രി.അസിസ്റ്റൻറ് സി. ഗിരീഷ് ,പാടശേഖര സമിതി ഭാരവാഹികളായ വേലായുധൻ, വീരാൻ കുട്ടി, സി.ടി സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.

Tags

Below Post Ad