തൃത്താല ഗവ.കോളേജിന് പുതിയകെട്ടിടം യാഥാർഥ്യമാകുന്നു


വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം തൃത്താല ഗവ. കോളേജിന് സ്വന്തം കെട്ടിടമാകുന്നു. കോളേജ് ഉദ്ഘാടനത്തിനുശേഷം എട്ടുവർഷങ്ങൾക്കിപ്പുറമാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത്. ഇതുവരെ തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള താത്കാലിക കെട്ടിടത്തിലാണ് അധ്യയനം നടന്നിരുന്നത്. തുടർന്ന്, കൂറ്റനാട്-പടിഞ്ഞാറങ്ങാടി റൂട്ടിൽ മലറോഡിൽ പുതിയ കോളേജ് കെട്ടിടം നിർമിക്കയായിരുന്നു. പ്രദേശവാസിയായ കെ.എം. മുഹമ്മദാണ് കെട്ടിടത്തിനായുള്ള അഞ്ചേക്കറോളം ഭൂമി വിട്ടുനൽകിയത്. 2015-ൽ തറക്കല്ലിട്ടെങ്കിലും പണി പൂർത്തിയാവാൻ വൈകി. തുടക്കത്തിൽ 600 കുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള സൗകര്യം ഇവിടെ തയ്യാറായിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ജയകൃഷ്ണൻ പറഞ്ഞു.

15 ക്ലാസ് മുറികൾ, സ്വന്തമായി ഓഫീസ് മുറി, പ്രിൻസിപ്പൽ കാബിൻ, കൊമേഴ്‌സ്-ഇംഗ്ലീഷ്- മാത്‌സ്-ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം, ഭാഷാവിഭാഗം എന്നിവയ്‌ക്കായി അഞ്ച് വകുപ്പുകൾക്കുള്ള സൗകര്യങ്ങളോടെയുള്ള മുറികളും തയ്യാറായി.

മൂന്ന് നിലകളിലായി നിൽക്കുന്ന കോളേജ് സമുച്ചയത്തിൽ എൻ.എസ്.എസ്. സൈക്കോളജി വിഭാഗത്തിന്റെ ജീവനി എന്ന സെക്ഷനും ഒരു സെമിനാർ നടത്തുന്നതിന് ചെറിയ ഹാളും ഒരുക്കിയിട്ടുണ്ട്. ഓരോനിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജീവനക്കാർക്കുമുൾപ്പെടെ പ്രത്യേകം ശൗചാലയസൗകര്യങ്ങളും ഇവിടെയുണ്ട്. സർക്കാരിന്റെ അനുമതികിട്ടിയാൽ കഫറ്റീരിയയും കാന്റീൻ നടത്താനുള്ള സൗകര്യവും കെട്ടിടത്തിൽ മുൻകൂട്ടി തയ്യാറാക്കിയിട്ടുമുണ്ട്.

 കോളേജ് വളപ്പിൽ കിഫ്ബിയുടെ സഹായത്തോടെ മറ്റൊരു കെട്ടിടത്തിന്റെ നിർമാണവും നടത്തുന്നുണ്ട്. ലൈബ്രറി, സയൻസ് ബ്ലോക്ക്, ഭക്ഷണശാല എന്നിവയാണ് പുതിയകെട്ടിടത്തിൽ തുടങ്ങാനുള്ളത്. മേയ് മാസം 15 ആകുമ്പോഴേക്കും പുതിയ കെട്ടിടവും പൂർത്തിയാകുമെന്ന്‌ പ്രിൻസിപ്പൽ പറഞ്ഞു. കെട്ടിടോദ്ഘാടനം 24-ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. സ്പീക്കർ എം.ബി. രാജേഷ് അധ്യക്ഷനാവും.

Tags

Below Post Ad