ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വേൾഡ് ആംപ്യൂട്ടി ഫുട്‌ബോൾ ഫെഡറേഷനു കീഴിൽ വെസ്റ്റ് ഏഷ്യൻ പാരാ ആംപ്യൂട്ടി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാലിശ്ശേരി സ്വദ്ദേശി വി.പി.ലെനിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് വീട്ടിലെത്തി ആദരിച്ചു.സബ്ബ് ഇൻസ്‌പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ നൽകിയ ആദരവിൽ എസ്.ഐ.ഷാജി ഉപഹാരം നൽകി. ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ ലെനിന് ആശംസകൾ അറിയിച്ചു.
ചാലിശ്ശേരി ജി.എച്ച്.എസ്.എസിലെ ഒമ്പതാം വിദ്യാർത്ഥിയാണ് വി.പി. ലെനിൻ . മാർച്ച് അഞ്ചുമുതൽ ഒമ്പതുവരെയുള്ള തീയതികളിൽ ഇറാൻ കിഷ് ഐലൻഡിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലെനിൻ.
സ്‌കൂളിലെ കായികാധ്യാപിക ഷക്കീല മുഹമ്മദും സ്‌കൂൾ കോച്ച് റംഷാദുമാണ് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകി ലെനിനെ ഉയർത്തിക്കൊണ്ടുവന്നത്. ഇതിനുമുമ്പ് ലെനിൻ 2019-ൽ ദേശീയ ആംപ്യൂട്ടി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു