വ്യാജ ഹാന്‍സ് നിർമ്മാണം; നാല് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു


നിരോധിത പുകയില ഉത്പന്ന കേന്ദ്രം നടത്തിപ്പുകാരായ നാല് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. രാങ്ങാട്ടൂര്‍ സ്വദേശികളായ കരുവംകാട്ടില്‍ ഫൈസല്‍ ബാബു (32), പാലേത്ത് ഇബ്‌റാഹീം (25), മേലേതില്‍ സുബൈര്‍ (29), പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത്‌തൊടിയില്‍ മുഹമ്മദ്(32) എന്നിവരാണ് പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്.

നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വ്യാജമായി നിര്‍മിക്കുന്ന എടച്ചലം  കുന്നുംപുറത്തെ നിര്‍മാണ കേന്ദ്രം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് റെയ്ഡ് ചെയ്തത്. ഹാന്‍സ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലോഡ് കണക്കിന് ഇറക്കുമതി ചെയ്ത് യന്ത്രം ഉപയോഗിച്ച് പൊടിച്ച് പാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.

ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത വിജനമായ പ്രദേശത്തുള്ള വീട്ടില്‍ അസമയത്ത് വാഹനങ്ങള്‍ വരുന്നത് കണ്ട് നാട്ടുകാര്‍ വീട് വളയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. 100കിലോ പുകയിലയും 35 ചാക്ക് ഹാന്‍സും ഹാന്‍സ് നിര്‍മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഒരു പിക്കപ്പ് വാനും രണ്ട് ബൈക്കുകളും പൊലീസ് പിടികൂടിയിരുന്നു.

അതിനിടെ വ്യാജ ഹാന്‍സ് ഉണ്ടാക്കിയതിനെതിരെ ഹാന്‍സ് കമ്പനി നിയമ നടപടിക്കൊരുങ്ങുന്നതായി വിവരമുണ്ട്. ഇതിനായി കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചതായാണ് വിവരം. 

Below Post Ad