മീഡിയ വൺ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും ഫാസിസത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നതുമാണെന്ന് പട്ടാമ്പി പൗരസമിതി കുറ്റപ്പെടുത്തി. കേന്ദ്ര നടപടിക്കെതിരെ മേലെ പട്ടാമ്പി ഗാന്ധി സ്ക്വയറിൽ പൗരസമിതി ബഹുജന പ്രതിഷേധ സംഗമം നടത്തി. പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർമാൻ ടി.പി.ഷാജി ഉദ്ഘാടനം ചെയ്തു.
എതിർ ശബ്ദങ്ങൾ ഇല്ലായ്മ ചെയ്യുക എന്നുള്ളത് ഫാസിസത്തിന്റെ രീതിയാണെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങൾ ഉയർന്നു വരുന്ന ഇടങ്ങളിലെല്ലാം സമൂഹ മനസ്സാക്ഷി ഒറ്റകെട്ടായി നിന്നു കൊണ്ട് അതിനെ എതിർക്കുവാനും തോൽപ്പിക്കാനും എല്ലാവരും മുന്നോട്ടു വരേണ്ട സന്ദർഭമാണിതെന്നും പ്രതിഷേധ ബഹുജന സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പട്ടാമ്പി പൗരസമിതി ചെയർമാൻ കെ.കെ.ബഷീർ മാസ്റ്റർ
അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
എൻ.പി വിനയകുമാർ (സി.പി.എം ജില്ലാ കമ്മിറ്റിയംഗം), കെ.ആർ നാരായണസ്വാമി (കോൺഗ്രസ് ),പി.ടി.മുഹമ്മദ് മാസ്റ്റർ (മുസ്ലിം ലീഗ്),
സി.എ സാജിദ് ( യൂത്ത് ലീഗ് ),വേലായുധൻ പട്ടാമ്പി (ദളിത് ആക്ടിവിസ്റ്റ്),
ബാബു കോട്ടയിൽ (ജില്ലാ പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി),ടി.വി.എം അലി (ജില്ലാ പ്രസിഡണ്ട്, കേരള പത്ര പ്രവർത്തക അസോസിയേഷൻ),മൊയതീൻ കുട്ടി (വെൽഫെയർ പാർട്ടി),
ഫാറൂഖ് ഉമർ (SKSSF) എന്നിവർ സംസാരിച്ചു. കെ.അബ്ദുറഹ്മാൻ മാസ്റ്റർ
സ്വാഗതവും ഡോ.എം.പി മണി നന്ദിയും പറഞ്ഞു.