യുക്രൈനിൽ യുദ്ധത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളോടൊപ്പം പട്ടാമ്പി വല്ലപ്പുഴ,വാടാനാംകുറിശ്ശി സ്വദേശികളായ വിദ്യാർഥികളും .വല്ലപ്പുഴ ചൂരക്കോട് കോടനാട് ഹമീദിന്റെയും റീജമോളുടെയും മകൻ മുഹമ്മദ് മുസ്തഫ (21), വാടാനാംകുറിശ്ശി മണ്ണുംപടിക്കൽ അബ്ദുൾ നസീറിന്റെയും സാഹിറയുടെയും മകൻ മുഹമ്മദ് അദ്‌നാൻ (20) എന്നിവരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. ആറുമാസം മുമ്പാണ് നാട്ടിൽവന്ന് മടങ്ങിപ്പോയത്.
ഇരുവരും ടെർനോപ്പിൽ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ബി.എസ്‌സി നഴ്‌സിങ് വിദ്യാർഥികളാണ്. യുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പിൽ ഇരുവരും ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. എയർപോർട്ടിലേക്ക് വരുമ്പോഴാണ് വ്യോമഗതാഗതമടക്കം നിരോധിച്ചത്. ഇതോടെ ഇവരെ താത്കാലിക താമസസ്ഥലത്തേക്ക് മാറ്റി.
നിലവിൽ ഇവർ യുക്രൈനിലെ കിവി പ്രദേശത്തെ ടെർനോഫ് എന്ന സ്ഥലത്തെ കെട്ടിടത്തിലാണ് പാർപ്പിച്ചിട്ടുള്ളത്. മൂന്നുവർഷമായി യുക്രൈനിൽ പഠിക്കുകയാണ് ഇരുവരും. വെള്ളിയാഴ്ച ഉച്ചയ്ക്കും ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു
'ഇപ്പോൾ ഇടയ്ക്ക് വിളിക്കുന്നതാണ് ആശ്വാസം, ഇനി സൈബർ ആക്രമണം ശക്തമായി ഇന്റർനെറ്റ് സംവിധാനം കൂടി താറുമാറായാൽ എന്തു ചെയ്യും...' യുദ്ധം മുറുകിയതോടെ യുക്രൈനിൽ കുടുങ്ങിയ പട്ടാമ്പി സ്വദേശികളായ വിദ്യാർഥികളുടെ മാതാപിതാക്കൾ പറയുമ്പോൾ വാക്കുകളിൽ ആശങ്ക നിറഞ്ഞു നിൽക്കുന്നു.