യുഎഇ യിലെ മികച്ച നൂറ് ഇൻഫ്ളുവൻസർമാരുടെ പട്ടികയിൽ ഒരാളായി കൂടല്ലൂർക്കാരി സമീറ ഷാഹിദ് തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 25-26 തീയതികളിൽ ദുബായ് ഫെസ്റ്റിവൽ അരീനയിൽ വെച്ച് നടന്ന WLSC-വേൾഡ് ലൈവ് സ്ട്രീമേഴ്‌സ് കോൺഫറൻസിലാണ് പ്രമുഖ മോഡസ്റ്റ് ഫാഷൻ മോഡലും യൂട്യൂബറുമായ സമീറ യുഎഇ ടോപ് 100 ഇൻഫ്ളുവൻസേർസ് അവാർഡ് ജേതാവായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഓൺലൈനായി പങ്കെടുത്ത മുപ്പതിനായിരത്തിലധികം പേരിൽ നിന്നും തെരഞ്ഞെടുത്ത അഞ്ഞൂറിലധികം ഇൻഫ്ളുവൻസർമാരുടെ പട്ടികയിൽ നിന്നാണ് സമീറ നൂറിൽ ഒരാളായി ഇടം നേടിയത്.
മോഡലിങ്ങിൽ നിലവിലുള്ള മുൻവിധികളെയെല്ലാം മറികടന്നാണ് കൂടല്ലൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു നാട്ടുമ്പുറത്തുകാരി പെൺകുട്ടി ദുബൈയിൽ മോഡലിങ് രംഗത്ത് രാജ്യാന്തര പ്രശസ്‌തിയുള്ള താരമായത്. വിവാഹത്തിന് ശേഷം ഭർത്താവ് ഷാഹിദുമൊത്ത് ദുബൈയിൽ താമസം തുടങ്ങിയതിന് ശേഷമാണ് മോഡലിങ്ങിൽ സജീവമായത്.
ഗർഭിണിയായപ്പോഴും അമ്മയായപ്പോഴും തന്റെ അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കുന്ന ടിപ്സ് ആൻഡ് ട്രിക്‌സ് വീഡിയോകളുമായി ഫാഷൻ ലോകത്ത് സജീവമായ സമീറ തന്റെ എട്ട് മാസം പ്രായമുള്ള മകൾ ഇസിനുമായാണ് അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയത്.
കൂടല്ലൂർ പരേതനായ കുറുങ്കാട്ടിൽ മുഹമ്മദാലിയുടെയും കദീജയുടെയും മകളാണ് സമീറ.ബയോ മെഡിക്കൽ എഞ്ചിനിയറായ പടിഞ്ഞാറങ്ങാടി സ്വദേശി ഭർത്താവ് സാഹിദ് അലിക്കും മകൾ ഇസിനുമൊപ്പം ദുബൈയിലാണ് സ്ഥിരതാമസം.
ഗൾഫ് മാധ്യമങ്ങളിലെ ഫേഷൻ കോളമിസ്റ്റായ സമീറ പ്രമുഖ മാഗസിനുകളിൽ കവറായും വന്നിട്ടുണ്ട്.
K News Reporter