എടപ്പാൾ ടൗണിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനം പുനരാരംഭിച്ചതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മൂലം സിഗ്നൽ ഓഫ് ചെയ്യാൻ കെ.ടി.ജലീൽ എംഎൽഎ നിർദേശം നൽകി.
മേൽപ്പാലം ഉത്ഘാടനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമാണ് കെൽട്രോൺ അധികൃതരെത്തി സിഗ്നൽ സംവിധാനം ഇന്ന് പ്രവർത്തിപ്പിച്ചത്.
എന്നാൽ ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് എംഎൽഎ നേരിട്ടെത്തി സിഗ്നൽ സംവിധാനം നിർത്തിവെക്കാൻ അവശ്യപ്പെടുകയായിരുന്നു
ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് വീണ്ടും കാത്തിരിക്കണം.ടൗണിലെ സിഗ്നൽ സംവിധാനം കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്ന് നാട്ടുകാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വൈകീട്ടോടെ ടൗൺ വഴി കടന്നുപോകുകയായിരുന്ന എം.എൽ.എ ട്രാഫിക് സിഗ്നലിൽ കുടുങ്ങി. തുടർന്ന് ക്ഷുഭിതനായ എം.എൽ.എ വാഹനത്തിൽനിന്ന് ഇറങ്ങി ശേഷം സിഗ്നൽ ഓണാക്കിയതിന് ട്രാഫിക് ഗാർഡിനു നേരെ തട്ടിക്കയറി. സിഗ്നൽ ഓണാക്കിയത് താനല്ലെന്ന് ട്രാഫിക് ഗാർഡ് വിശദീകരണം നൽകിയെങ്കിലും ടൗണിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്നു പറഞ്ഞ് അടിയന്തരമായി സിഗ്നൽ ഓഫ് ചെയ്യാൻ നിർദേശം നൽകി.