ഗൂഗിൾമാപ്പ് ചതിച്ചു: കാറോടിച്ചുവന്നത് അപകടത്തിലേക്ക് I KNews


 മലപ്പുറം സ്വദേശികളായ കുടുംബം ഗൂഗിൾമാപ്പ് നോക്കി വാഹനം ഓടിച്ച് വഴിതെറ്റിവന്നത് അപകടത്തിലേക്ക്. തിരുമിറ്റക്കോട് ഇരുമ്പകശ്ശേരിയിലായിരുന്നു അപകടം. തിങ്കളാഴ്ചരാവിലെ 10 മണിയോടെയാണ് സംഭവം.

മലപ്പുറം പുഴക്കാട്ടിരി മുഹമ്മദ് നിസാമും കുടുംബവും ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവിടുന്നതിനായി പോയതായിരുന്നു.മലപ്പുറത്തുനിന്ന്‌ പെരിന്തൽമണ്ണവഴി പട്ടാമ്പി വന്ന് തൃശ്ശൂരിലെത്തിയാണ് നെടുമ്പാശ്ശേരിയിലേക്ക് പോയത്.

കാറിൽ ഡ്രൈവർ അടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. ബന്ധുവിനെ വിമാനത്താവളത്തിൽ വിട്ടശേഷം തിരിച്ച് മലപ്പുറത്തേക്ക് മൊബൈലിൽ ഗൂഗിൾമാപ്പ് എടുത്തുവെച്ച് കാറിൽ യാത്ര തുടർന്നപ്പോൾ വഴിതെറ്റി കൂട്ടുപാതയിൽനിന്ന്‌ തിരുമിറ്റക്കോട് ഇരുമ്പകശ്ശേരിയിൽ എത്തിപ്പെട്ടു.

ഇരുമ്പകശ്ശേരി അങ്ങാടിക്ക് സമീപമെത്തിയപ്പോൾ വാഹനം ഓടിച്ചിരുന്നയാൾക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾക്ക് മുകളിലായാണ് ഇടിച്ചുനിന്നത്. 

അപകടത്തിൽ കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് ചെറിയ കേടുപാടുകൾ വന്നിട്ടുണ്ട്. തൃശ്ശൂർ, തിരുമിറ്റക്കോട് സ്വദേശികളുടേതാണ് ബൈക്കുകൾ. ചാലിശ്ശേരി പോലീസ് കേസെടുത്തു.

Below Post Ad