കേച്ചേരിയിൽ യുവാവിനെ വീട്ടിൽ ക യറി കുത്തിക്കൊന്നു. കേച്ചേരി കറപ്പം വീട്ടിൽ അബുബക്കറിന്റെ മകൻ ഫിറോസാണ് (45) വാടക ക്വാർട്ടേഴ്സിൽ കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
ക്വാർട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റിൽ കുത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നുവെന്ന് സംശയം. കുഴൽപ്പണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. കുറെ വർഷങ്ങളായി കേച്ചേരി മാർക്കറ്റിലെ തൊഴിലാളിയാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
ലഹരി ഉൾപ്പെടെയുള്ള വിവിധ സംഘങ്ങളുമായി പലപ്പോഴും വഴക്കുകളും പതിവായിരുന്നുവത്രേ. ഇതേ ചൊല്ലി ഉണ്ടായ വിഷയങ്ങളാണ് ഫിറോസിൻ്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. ഫിറോസിനെ കുത്തിക്കൊലപ്പെടുത്തിയത് വീടിന്റെ ഉമ്മറത്ത് ഉറങ്ങി കിടക്കുന്നതിനിടെയാണെന്ന് കരുതുന്നു.ഉറങ്ങിക്കിടന്ന പായിൽ വിരിച്ച തുണിയിൽ രക്തം കണ്ടെത്തിയിട്ടുണ്ട്.
ഫിറോസ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പോലീസിൻറെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.