പരുതൂർ പഞ്ചായത്തിലേക്ക് നാളെ സി.പി.ഐ (എം) മാർച്ച് I KNews


പരുതൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും ഭരണ സ്തംഭനത്തിലും പ്രതിഷേധിച്ച് സി.പി.എം സമരത്തിനൊരുങ്ങുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണത്തതിലും, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാത്തതിലും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് സ്കോളർഷിപ്പ് നൽകാത്തതിലും, എസ്.സി ഭവന പുനരുദ്ധാരണ ഫണ്ട് ലാപ്സാക്കിയതിലും പ്രതിഷേധിച്ചാണ് സമരമെന്ന് സി.പി.എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രാരംഭമെന്ന നിലയിൽ നാളെ (ബുധൻ) രാവിലെ 10 മണിക്ക് പരുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും പിന്നീട് തുടർസമരങ്ങൾക്ക് രൂപം നൽകുമെന്നും പരുതൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി നിലവിൽ വന്നിട്ട് ഒരു വർഷത്തിലേറെക്കാലമായി. ഭരണത്തിലെ വീഴ്ചകൾ, അഴിമതി, ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങളോടുള്ള അവഗണന, പഞ്ചായത്തിലെ ഉദ്യോഗസ്ഥ- ഓഫീസ് സംവിധാനത്തിൽ ഭരണ നേതൃത്വത്തിന് ഇടപെടാൻ കഴിയാത്ത അവസ്ഥ എന്നിവ ഭരണത്തെ സ്തംഭനാവസ്ഥയിൽ എത്തിച്ചുവെന്നും, വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവർക്ക് പലവട്ടം ഓഫീസിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും സി.പി.എം ഭാരവാഹികൾ ആരോപിച്ചു.
കോവിഡ് കാലത്ത് സമൂഹ അടുക്കള നടത്താത്തതിലും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ പിരിച്ച് പഞ്ചായത്തിൽ കണക്ക് വെക്കാത്തതിലും, സാഗി പദ്ധതി നടപ്പിലാക്കാത്തതിലും, പഞ്ചായത്ത് മാലിന്യ കൂമ്പാരമാകുന്നതിലും, എസ്.സി. വിഭാഗക്കാർക്ക് ലാപ് ടോപ്പ് വിതരണം പ്രതിസന്ധിയിലാക്കിയതിലും പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.
പാർട്ടി ഏരിയ സെക്രട്ടറി ടി.ഗോപാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ടി.ഗോപാലകൃഷ്ണൻ, പി.കെ. ചെല്ലുകുട്ടി, കെ.സി.അലി ഇക്ബാൽ, പി.സുധീർ, പി.ടി.അബൂബക്കർ, ഇ.പി.ശിവശങ്കരൻ എന്നിവർ സംബന്ധിച്ചു.

swale
Tags

Below Post Ad