ബജറ്റ് തൃത്താലക്ക് നല്കിയ സന്തോഷം ചെറുതല്ല. തൃത്താല ആശുപത്രി മാതൃകാ സി.എച്ച് സി ആയി മാറുന്നു എന്നതാണ് ആ സന്തോഷത്തിന്റെ പ്രധാന കാരണമെന്ന് സ്പീക്കർ എം.ബി രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു
ഫേസ്‌ബുക്ക് പോസ്റ്റ് :
ബഹു.ധനകാര്യമന്ത്രി ശ്രീ. ബാലഗോപാല് അവതരിപ്പിച്ച ആദ്യ സമ്പൂര്ണ്ണ ബജറ്റ് തൃത്താലക്ക് നല്കിയ സന്തോഷം ചെറുതല്ല. തൃത്താല ആശുപത്രി മാതൃകാ സി.എച്ച് സി ആയി മാറുന്നു എന്നതാണ് ആ സന്തോഷത്തിന്റെ പ്രധാന കാരണം. 12.5 കോടി രൂപയാണ് ആശുപത്രിയുടെ നവീകരണത്തിനായി ഇപ്പോള് അനുവദിച്ചിരിക്കുന്നത്.
പൊതുജനാരോഗ്യ മേഖലയില് മികച്ച ആശുപത്രികളൊന്നും തന്നെ നിയോജകമണ്ഡലത്തില് ഇല്ല എന്നത് തൃത്താലയുടെ എക്കാലത്തെയും ഒരു പ്രധാന പ്രശ്നമായിരുന്നു. എം.എല് എ ആയി തെരഞ്ഞെടുക്കപ്പെട്ട ഉടന് തന്നെ തൃത്താല ആശുപത്രി സന്ദര്ശിക്കുകയും അവിടത്തെ സൗകര്യങ്ങളും നിലവില് നേരിടുന്ന പ്രതിസന്ധികളും മനസ്സിലാക്കുകയുമുണ്ടായി. ഉടന് തന്നെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ആശുപത്രി അധികൃതരുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്ത്ത് ആശുപത്രിയുടെ സമഗ്ര വികസനം ചര്ച്ച ചെയ്യുകയും 20 കോടി രൂപയുടെ ഏകദേശ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ഈ വര്ഷത്തെ ബജറ്റില് ഒന്നാമത്തെ പദ്ധതിയായി സി.എച്ച് സി നവീകരണം ഉള്പ്പെടുത്തണമെന്ന് ധനകാര്യമന്ത്രിയോട് നേരിട്ട് അഭ്യര്ത്ഥിക്കുകയും ചെയ്തു. ഇപ്പോള് ആദ്യഘട്ട നവീകരണത്തിനായി തുക അനുവദിച്ചിരിക്കുകയാണ്. തൃത്താലയുടെ പൊതുജനാരോഗ്യ രംഗത്ത് പുതിയ മാറ്റത്തിന്റെ ആദ്യഘട്ടത്തിന് ഇതോടെ തുടക്കമാവുകയാണ്
പെരിങ്ങോട്-കൂറ്റനാട് റോഡിന്റെ ശോചനീയാവസ്ഥ ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. ആ പരാതിയും പരിഹരിക്കപ്പെടുകയാണ്. മണ്ഡലത്തിലെ ഒരു പ്രധാന പാതയായ ഈ റോഡ് ബിഎം & ബിസി നിലവാരത്തിലേക്ക് ഉയര്ത്തുന്നതിന് 3 കോടി രൂപയാണ് ഈ ബജറ്റില് അനുവദിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമേ മഹാകവി അക്കിത്തം സ്മാരക നിര്മ്മാണം, വെള്ളിയാങ്കല്ല് ടൂറിസം ഹബ്ബ്, തൃത്താല സയന്സ് പാര്ക്ക്, ഹയര്സെക്കന്ററി സ്കൂളുകള്ക്കുള്ള ആധുനിക ലാബ് സമുച്ചയങ്ങള് എന്നിവയും പെരുമ്പിലാവ് നിലമ്പൂര് ഹൈവേയില് ചാലിശ്ശേരി തണത്തറ പാലം മുതല് പട്ടാമ്പി പാലം വരെയുള്ള റോഡ് നവീകരണം, തലക്കശ്ശേരി-തണ്ണീര്ക്കോട് റോഡ്, മല-ചാലിശ്ശേരി റോഡ്, ചാലിശ്ശേരി-തണ്ണീര്ക്കോട് റോഡ്, തൃത്താല-പടിഞ്ഞാറങ്ങാടി എന്നീ റോഡുകളും പൂവക്കുഴി ലിഫ്റ്റ് ഇറിഗേഷന്, പട്ടിത്തറ പഞ്ചായത്തിലെ കൂമന്തോടിന് കുറുകെ കരിമ്പില്ലം-ചരലിങ്ങല് വി സി ബി കം ട്രാക്ടര് കോസ് വേ, കപ്പൂരിലെ പള്ളങ്ങാട്ട് ചിറ കുളം നവീകരണം ഉള്പ്പെടെയുള്ള തലക്കുളങ്ങളുടെ നവീകരണം എന്നീ ജലസേചന പദ്ധതികളും ബജറ്റില് ഇടം നേടിയിട്ടുണ്ട്. കൂടാതെ തരിശുരഹിത തൃത്താല പദ്ധതിയും പുളിയപ്പറ്റ കായല് ടൂറിസം പദ്ധതിയും തൃത്താലയിലെ പ്രധാന ജംഗ്ഷനുകളുടെ വികസനവും ബജറ്റില് പരാമര്ശിക്കപ്പെട്ടവയാണ്. ഈ പദ്ധതികള്ക്കെല്ലാം കൂടി ആകെ പ്രതീക്ഷിത ചെലവ് 131.5 കോടി രൂപയാണ്.
ഇവയെല്ലാം പ്രാവര്ത്തികമാക്കുന്നതിന് ഇനിയും ഏറെ കടമ്പകള് കടക്കേണ്ടതുണ്ട്. അതിന് തൃത്താലയിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും അഭ്യര്ത്ഥിക്കുന്നു