പെരുന്നാളിന് പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍


തിരൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 67-കാരന്‍ അറസ്റ്റില്‍. വെട്ടം വാക്കാട് സ്വദേശി ഹനീഫയെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

പെരുന്നാളിന് പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിനിയായ 16-കാരിയുമായി പരിചയം സ്ഥാപിച്ച ഹനീഫ പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

സംഭവത്തിന് ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി വീട്ടുകാരോടാണ് വിവരം ആദ്യം വെളിപ്പെടുത്തിയത്. വീട്ടുകാര്‍ കുട്ടിയുടെ അധ്യാപകരെയും വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിനിയില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ച് നസിലാക്കിയശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പോക്‌സോ വകുപ്പകളടക്കം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Tags

Below Post Ad