കൂറ്റനാട്ടുകാരുടെ ദുരിതം തുടരുന്നു. പരിഹാരത്തിനായി സ്പീക്കർ വിളിച്ചു ചേർത്ത യോഗം ഇന്ന്


കിണറിൽ നിന്ന് ജീവജലം കോരിയെടുത്ത് കുടിക്കാനാവാതെ കൂറ്റനാട്ടുകാരുടെ ദുരിതം തുടരുന്നു. കോരി ഒഴിച്ച വെള്ളം തീത്തൈലമായി കത്തി പടരുന്നത് കാണുമ്പോൾ പുകയുന്നത് നാട്ടുകാരുടെ ജീവിതമാണ്. കടുത്ത ചൂടിൽ ഒരു തൊട്ടിവെള്ളം കോരി ദാഹം തീർക്കാമെന്ന് വെച്ചാൽ കൂറ്റനാട് സെന്ററിലെ വീട്ടുകാർക്ക് ഉടനെയൊന്നും കഴിയുമെന്ന് തോന്നുന്നില്ല.  

'തീപ്പെട്ടിയുരച്ച് വെള്ളത്തിലിട്ടാൽ നിന്ന്‌ കത്തും... പിന്നെങ്ങനെ ഈ വെള്ളം കുടിക്കും..' എന്നാണ് വീട്ടുകാരുടെ ചോദ്യം. നാഗലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് പ്രദേശത്തെ കിണറുകളിലാണ് വ്യാപകമായി പെട്രോളിന് സമാനമായ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 

ജലവിഭവ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവരുടെ പരിശോധനയും അന്വേഷണവും നടന്നെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹാരമായിട്ടില്ല. പെട്രോളിയം കെമിക്കൽ എൻജിനീയർമാരും സമീപത്തെ പെട്രോൾ പമ്പ് ഉടമകളും പമ്പിലെ ടാങ്കിന് ചോർച്ചയില്ലെന്നും വില്പനക്കെത്തുന്ന പെട്രോളിന്റെ അളവിൽ കുറവ് വരാറില്ലെന്നുമാണ് പറയുന്നത്. ഇന്ധന ചോർച്ച അല്ലെങ്കിൽ മറ്റെന്താവും കാരണമെന്നറിയാതെ നാട്ടുകാർ കുഴയുകയാണ് 

ഏപ്രിൽ 16ന് ശനിയാഴ്ച നിയമസഭ സ്പീക്കർ എം.ബി.രാജേഷ് പ്രശ്ന പരിഹാരം കണ്ടെത്താൻ യോഗം വിളിച്ചിട്ടുണ്ട്. തൃത്താല ബ്ലോക്ക് ഓഡിറ്റോറിയത്തിൽ ഭൂഗർഭജല അതോറിറ്റി, ഐ.ഒ.സി. ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം, പഞ്ചായത്തധികൃതർ എന്നിവരുടെ വിപുലമായ യോഗമാണ് വിളിച്ചിട്ടുള്ളത്. ഇതോടെ പ്രശ്‌ന പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

swale


Below Post Ad