സ്നേഹ വീടിൻ്റെ താക്കോൽ കൈമാറ്റം സ്പീക്കർ എം ബി രാജേഷ് നിർവ്വഹിച്ചു.
ഏപ്രിൽ 01, 2022
ഒരു കുടുംബത്തിൻ്റെയാകെ പ്രതീക്ഷയായി വിദേശത്ത് ജോലിയിൽ പ്രവേശിച്ച് ഏറെ നാൾ ആകുംമുമ്പ് അകാലത്തിൽ മരിച്ച പരുതൂർ നാടപറമ്പ് മാട്ടുമ്മൽ സുരേഷിന്റെ കുടുംബത്തിനായി നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ കൈമാറ്റം സ്പീക്കർ എം ബി രാജേഷ് നിർവ്വഹിച്ചു.സിപിഐ എമ്മിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങളുടെ സഹായ സഹകരണത്തോടെയാണ് സ്നേഹ വീട് ഒരുക്കിയത്. വീടിൻ്റെ താക്കോൽ സുരേഷിൻ്റെ ഭാര്യ സിഞ്ചുവും മക്കൾ അനയ്യ, അമേയ എന്നിവരും ചേർന്ന് ഏറ്റുവാങ്ങി.
തൻ്റെ കുടുംബത്തിലെ കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാനും സ്വന്തമായി ഒരു വീടുണ്ടാക്കാൻ പണമുണ്ടാക്കാനുമാണ് സുരേഷ് ജോലി തേടി യുഎഇയിലേക്ക് പോയത്. എന്നാൽ ഒരു വർഷം പോലും പ്രവാസ ജീവിതം പൂർത്തിയാക്കാൻ കഴിയും മുമ്പേ ഹൃദയ സംബന്ധമായ അസുഖത്താൽ 2020 ൽ സുരേഷ് മരിച്ചു.
പ്രായമായ അമ്മയും, ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം. വീടിന്റെ അടിത്തറയൂടെ പ്രവർത്തി സുരേഷ് നേരത്തേ പൂർത്തിയാക്കിയിരുന്നു.
സുരേഷിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അന്ന് നേതൃത്വം നൽകിയത് യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന "തൃത്താല മനസ് യു എ ഇ പ്രവാസി കൂട്ടായ്മ " യാണ്. ഇവർ തന്നെയാണ് വീടുനിർമ്മാണത്തിനും നേതൃത്വം നൽകിയത്.
കൂടാതെ നാടപറമ്പിലെ ഡി വൈ എഫ് ഐ പ്രവർത്തകർ, ക്ലാസിക്ക് ക്ലബ്, സ്വാന്ത്വനം പ്രവാസി കൂട്ടായ്മ, അലൂമിനിയം (അൽക്ക ) ഫാബ്രിക്കേഷൻ തൃത്താല മേഖല, കാരമ്പത്തൂർ എ യു പി സ്കൂൾ, വിവിധ സംഘടനകൾ, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ എന്നിവരുടെ സഹകരണത്തോടെയാണ് 1000 ചതുരശ്ര അടി വിസ്ത്രിയുള്ള സ്നേഹവീട് ഒരുങ്ങിയത്.
തൃത്താല മനസ് കൂട്ടായ്മ പ്രസിഡൻറ് ശിഹാബ് പെരുങ്ങോട് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രൻ, സിപിഐ എം പട്ടാമ്പി ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, തൃത്താല ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ്, തൃത്താല ഏരിയാ കമ്മിറ്റി അംഗം എം കെ പ്രദീപ്, പരുതൂർ ലോക്കൽ സെക്രട്ടറി പി കെ ചെല്ലുക്കുട്ടി, മനസ് കൂട്ടായ്മ പരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ, എ യാസർ അറാഫത്ത്, എം പി രാധാകൃഷ്ണൻ , എം കെ വിഷ്ണു എന്നിവരും താക്കോൽ കെെമാറ്റ ചടങ്ങിൽ പങ്കെടുത്തു