പട്ടാമ്പി: പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. വാഹനഗതാഗതം പൂർണമായി നിർത്തിവെച്ചാണ് ആദ്യഘട്ടമായ പട്ടാമ്പിപാലംമുതൽ വി.കെ. കടവ് റോഡ് ജങ്ഷൻവരെയുള്ള ഭാഗം റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നത്.
വെള്ളിയാഴ്ചരാത്രിയോടെ ഗതാഗതനിയന്ത്രണം പാതയിൽ തുടങ്ങിയിരുന്നു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് പ്രവൃത്തി ആരംഭിച്ചത്. പാലംമുതൽ ഞാങ്ങാട്ടിരിറോഡ് വരെ ഒരു കിലോമീറ്ററോളം ഭാഗമാണ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടെയുള്ള കൾവർട്ട് മുമ്പ് പൊളിച്ചുമാറ്റി പുതിയത് നിർമിച്ചിരുന്നു.
ചാലിശ്ശേരി തണത്തറപാലം മുതൽ പട്ടാമ്പിപാലം വരെ പുനർനിർമിക്കാൻ 45 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഇതിന്റെ നിർമാണം തുടങ്ങും. പാലംമുതൽ ഞാങ്ങാട്ടിരി സെന്റർവരെ റോഡ് പൂർണമായും തകർന്നാണ് കിടക്കുന്നത്.
രാത്രികാലങ്ങളിൽ വാഹനാപകടങ്ങളും പതിവാണ്. പട്ടാമ്പിമുതൽ ചാലിശ്ശേരിവരെയും റോഡിൽ കുഴികളുണ്ട്. റോഡിന് വീതിക്കുറവുള്ളതും പ്രശ്‌നമാണ്. ചില ഭാഗങ്ങളിൽ അഴുക്കുചാലില്ലാത്തത് വെള്ളക്കെട്ടിന് ഇടയാക്കും.
മഴപെയ്താൽ പട്ടാമ്പിപാലംമുതൽ ഞാങ്ങാട്ടിരി പെട്രോൾപമ്പ് വരെയുള്ള ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ടുണ്ടാവാറുണ്ട്. ഇവിടെ അടുത്തഘട്ടത്തിൽ അഴുക്കുചാൽ നിർമിക്കുമെന്നാണ് അധികൃതർ പറയുന്നത്. മഴക്കാലം വരുംമുമ്പ് റോഡിലെ കുഴികളടച്ച് നവീകരണം നടപ്പാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
നിലവിൽ ഞാങ്ങാട്ടിരി, കൂട്ടുപാത, വാവനൂർ, കൂറ്റനാട് തുടങ്ങിയ ഇടങ്ങളിലെല്ലാം അപകടക്കുഴികളുണ്ട്. നിലവിൽ ഒരുകിലോമീറ്റർ നവീകരിച്ച് തിങ്കളാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കുമെന്നാണ് പൊതുമരാമത്ത് വിഭാഗം അധികൃതർ പറയുന്നത്.