പട്ടാമ്പിയിൽ സാഹസിക ടൂറിസത്തിനും നിർദിഷ്ട ടൗൺപാർക്കിൽ തൂക്കുപാലത്തിനും പദ്ധതിയൊരുങ്ങുന്നു. നഗരസഭാബജറ്റിൽ പട്ടാമ്പിയിലെ ടൂറിസം വികസനത്തിനായി 11.85 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിലെ പ്രധാന പദ്ധതികളാണ് തൂക്കുപാലവും കിഴായൂർ നമ്പ്രം പ്രദേശത്ത് സാഹസിക ടൂറിസവും കൊണ്ടുവരികയെന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ., നഗരസഭാധികൃതർ, ഡി.ടി.പി.സി. എന്നിവരടങ്ങുന്ന സംഘം നമ്പ്രത്തെത്തി സ്ഥലപരിശോധന നടത്തിയിരുന്നു.
പട്ടാമ്പി നഗരസഭയിൽ കഴിഞ്ഞകാലങ്ങളിൽ മണൽക്കടത്ത് വാഹനങ്ങൾ നിർത്തിയിടാൻ ഉപയോഗിച്ചിരുന്ന സ്ഥലമാണ് സാഹസികടൂറിസം കേന്ദ്രം തുടങ്ങാനായി പരിഗണിക്കുന്നത്. പട്ടാമ്പി കിഴായൂർനമ്പ്രം റോഡിൽ നിളയോരത്തുള്ള ഈ സ്ഥലം പദ്ധതിക്ക് ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ. സൈക്ലിങ്, വാക്ക് വേ, മോട്ടോർ ഗ്ലൈഡിങ്, ബീച്ച് വോളി തുടങ്ങിയ വലിയ ടൂറിസംസാധ്യത പ്രദേശത്തിനുണ്ടെന്ന് അന്നത്തെ സന്ദർശന സംഘം വിലയിരുത്തിയിരുന്നു.
നിലവിൽ പട്ടാമ്പിയിൽ സായാഹ്നങ്ങളിലും ഒഴിവുദിവസങ്ങളിലും സമയം ചെലവഴിക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്. ഇതിന്റെഭാഗമായി പട്ടാമ്പി ഗുരുവായൂരപ്പൻക്ഷേത്രം മുതൽ കിഴായൂർനമ്പ്രം റോഡുവരെയുള്ള ഭാഗം കൈയേറ്റമൊഴിപ്പിച്ച് മാലിന്യം നീക്കിയിരുന്നു. ഇവിടെ ടൗൺ പാർക്ക് നിർമിക്കാനാണ് പദ്ധതി.
തൃത്താലയിൽ വെള്ളിയാങ്കല്ല് റെഗുലേറ്റർ ഉള്ളതിനാൽ കടുത്തവേനലിലും പട്ടാമ്പി പഴയകടവ് വരെ ജലനിരപ്പുണ്ടാകും. ടൗൺപാർക്കും തൂക്കുപാലവും വന്നാൽ വലിയ ടൂറിസംസാധ്യതകൾക്ക് വഴിയൊരുങ്ങും. ഇതിനായുള്ള നടപടി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.