കൂറ്റനാട്: നിങ്ങൾ സി.സി.ടി.വി.യുടെ നിരീക്ഷണത്തിലാണ്. മിക്ക കടകളിലും സ്ഥാപനങ്ങളിലും ഇങ്ങനെയുള്ള ബോർഡുകൾ കാണാറുണ്ട്. അതുകൊണ്ട് എല്ലാവരും ഒന്നു കരുതിയിരിക്കും. എന്നാൽ, കൂറ്റനാട് മാവേലി സ്‌റ്റോറിൽ ചൊവ്വാഴ്ചയുണ്ടായത് മറ്റൊരു സംഭവമാണ്.
പകൽ 11 മണിയോടെ നാഗലശ്ശേരി പഞ്ചായത്തിലെ മൈലാഞ്ചിക്കാട് സ്വദേശിനി വീട്ടുകാരോടൊപ്പം സിവിൽ സപ്ലൈസ് വകുപ്പിന്റെ മാവേലി ഷോറൂമിൽ കയറി. ബാഗുകൾ ഉള്ളിലേക്ക് കൊണ്ടുപോകാൻ പാടില്ലെന്നും, സൈഡിലുള്ള റാക്കിൽ ബാഗും സാധനങ്ങളും വെക്കാനും സുരക്ഷാജീവനക്കാരൻ നിർദേശിച്ചു.
ഇവിടെ വെച്ചാൽ സുരക്ഷിതമാണോ എന്ന് ചോദിച്ചപ്പോൾ നിരീക്ഷണ ക്യാമറയുണ്ടല്ലോ, പിന്നെന്തിനാണ് പേടിക്കുന്നതെന്നായിരുന്നു മറുപടി. ഇവർ പറഞ്ഞപ്രകാരം ക്യാമറയെ വിശ്വസിച്ച്, മൊബൈൽ ഫോണും പഴ്‌സുമടങ്ങുന്ന ബാഗ് റാക്കിൽ വെച്ചു.
സാധനങ്ങൾ വാങ്ങി തിരിച്ചെത്തിയപ്പോൾ റാക്കിൽവെച്ച ബാഗ് അപ്രത്യക്ഷമായിരുന്നു. വീടിന്റെയും അലമാരകളുടെയും താക്കോൽ, മൊബൈൽ ഫോൺ, കുറച്ച് പണം എന്നിവയാണ് അതിലുണ്ടായിരുന്നത്.
തുടർന്ന് ആളുകൾ കൂടി, വേഗം നിരീക്ഷണ ക്യാമറ നോക്കാൻ സിവിൽ സപ്ലൈസ് ജീവനക്കാരോട് പറഞ്ഞപ്പോൾ അവർ കൈമലർത്തി. ഇവിടെ സി.സി.ടി.വി. ഉണ്ടെന്ന പരസ്യമേയുള്ളൂ. ക്യാമറയില്ല. ക്യാമറയാണെന്ന് തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ചുമരിൽ തൂക്കിയിട്ടുമുണ്ട്.
തുടർന്ന്, ബാഗ് നഷ്ടപ്പെട്ടവർ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തൊട്ടടുത്ത ഷോറൂമുകളിലെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചു. ഒരാൾ സാധനമെടുത്ത് പുറത്തുപോകുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ക്യാമറയുണ്ടെന്ന വ്യാജ ബോർഡുകൾ സാധനങ്ങൾ മോഷണം പോകാതിരിക്കാൻ വേണ്ടി വെച്ചതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്തായാലും സി.സി.ടി.വി.യുണ്ടെന്ന അറിയിപ്പ് ആരും കണ്ണടച്ച് വിശ്വസിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കടകളിൽ വെക്കരുതെന്നാണ് കൂറ്റനാട്ടുകാർ പറയുന്നത്.